scorecardresearch
Latest News

കോടിയേരിക്ക് മുന്നില്‍ തളര്‍ന്ന് വീണ് വിനോദിനി, ആശ്വസിപ്പിച്ച് പിണറായി; വൈകാരിക വേദിയായി ടൗണ്‍ ഹാള്‍

മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ചും, കണ്ണീരണിഞ്ഞുമായിരുന്നു കണ്ണൂരിലെ ജനം കോടിയേരിയുടെ മൃതദേഹം ഏറ്റവാങ്ങിയത്

കോടിയേരിക്ക് മുന്നില്‍ തളര്‍ന്ന് വീണ് വിനോദിനി, ആശ്വസിപ്പിച്ച് പിണറായി; വൈകാരിക വേദിയായി ടൗണ്‍ ഹാള്‍

പ്രിയ സഖാവ് കോടിയേരി ബാലകൃഷ്ണന് അന്ത്യാഭിവാദ്യങ്ങള്‍ അര്‍പ്പിക്കാന്‍ രാവിലെ മുതല്‍ തലശേരി ടൗണ്‍ ഹാളിലേക്ക് പാര്‍ട്ടിഭേദമന്യെ ജനങ്ങള്‍ എത്തിത്തുടങ്ങിയിരുന്നു. രാവിലെ പതിനൊന്ന് മണിയോടെ മ‍ൃതദേഹം കണ്ണൂരിലെത്തുമെന്നാണ് അറിയിച്ചതെങ്കിലും വൈകി. ഒരുമണിയോടെ കണ്ണൂരിന്റെ മണ്ണില്‍ അവസാനമായി കോടിയേരി എത്തി.

വിമാനത്താവളത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനും മറ്റ് നേതാക്കളും ചേര്‍ന്ന് സഖാവിന്റെ മൃതദേഹം ഏറ്റുവാങ്ങി. പിന്നീട് 30 കിലോ മീറ്റര്‍ നീണ്ടു നിന്ന വിലാപയാത്ര. വിമാനത്താവളം മുതല്‍ തലശേരി വരെ പാതയോരങ്ങള്‍ പാര്‍ട്ടി അനുഭാവികളേയും സാധാരണക്കാരേയും കൊണ്ട് നിറഞ്ഞു.

മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ചും, കണ്ണീരണിഞ്ഞുമായിരുന്നു കണ്ണൂരിലെ ജനം കോടിയേരിയുടെ മൃതദേഹം ഏറ്റവാങ്ങിയത്. ഒടുവില്‍ നാല് മണിയോടെയാണ് കോടിയേരിയുടെ ഭൗതികശരീരം തലശേരി ടൗണ്‍ ഹാളിലെത്തിയത്. ആംബുലന്‍സ് എത്തിയപ്പോള്‍ മുദ്രാവാക്യ മുഖരിതമായിരുന്നു പരിസരം.

കേരള പൊലീസിന്റെ ഔദ്യോഗിക ബഹുമതികള്‍ക്ക് ശേഷം പൊതുദര്‍ശനത്തിനായി മൃതദേഹം ഹാളിലേക്ക്. ‘പ്രിയ സഹോദരനെ’ കാണാന്‍ മണിക്കൂറുകള്‍ക്ക് മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയിരുന്നു. ഒപ്പം മന്ത്രിമാരും പ്രമുഖ നേതാക്കളും. പിണറായി വിജയനും നേതാക്കളും ചേര്‍ന്ന് കോടിയേരിയെ ചെങ്കൊടി പുതപ്പിച്ചു.

പിന്നാലെ പിണറായി വിജയന്‍ മുഷ്ടി ചുരുട്ടി കോടിയേരിക്ക് അഭിവാദ്യം നേര്‍ന്നു. കോടിയേരിയുടെ ഭാര്യ വിനോദിനിയെ ആശ്വസിപ്പിച്ച് സംസാരിക്കുന്നു മുഖ്യമന്ത്രിയേയും കണ്ടു. മൃതദേഹം സൂക്ഷിച്ചിരുന്ന ഫ്രീസറിന് മുകളിലേക്ക് കരഞ്ഞ് തളര്‍ന്നു വീണ വിനോദിനിയെ താങ്ങി നിര്‍ത്തിയത് കമല വിജയനും പി കെ ശ്രീമതിയും കെ കെ ഷൈലജയും ചേര്‍ന്നായിരുന്നു.

വൈകാതെ തന്നെ കോടിയേരിയുടെ കുടുംബം ഈങ്ങയില്‍ പീടികയിലെ വീട്ടിലേക്ക് മടങ്ങി. രാത്രി എട്ട് വരെ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനമുണ്ടാകുമെന്നാണ് വിവരം. ജനത്തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ പൊതുദര്‍ശനം അര്‍ധരാത്ര വരെ നീണ്ടെക്കുമെന്നാണ് വിവരം. നാളെ രാവിലെ 11 മുതല്‍ ജില്ലാ കമ്മിറ്റി ഓഫിസില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വൈകിട്ട് മൂന്നിന് കണ്ണൂര്‍ പയ്യാമ്പലത്താണ് സംസ്‌കാരം.

അര്‍ബുദരോഗബാധിതനായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്നലെ രാത്രി എട്ടുമണിയോടെയാണ് കോടിയേരിയുടെ അന്ത്യം സംഭവിച്ചത്. മരണസമയത്ത് ഭാര്യയും മക്കളും ഒപ്പമുണ്ടായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഇന്നലെ തന്നെ അപ്പോളൊ ആശുപത്രിയിലെത്തിയിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kodiyeri balakrishnan no more emotional scenes at thalasseri town hall