കോഴിക്കോട്: ബി.ജെ.പിയുടെ ജനരക്ഷാ യാത്രയ്ക്ക് ബദലായി എൽ.ഡി.എഫ് സംഘടിപ്പിച്ച ജനജാഗ്രതാ യാത്രയില്‍ ജാഥാ ക്യാപ്റ്റനും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍ വിവാദത്തില്‍. കോഴിക്കോട് കൊടുവള്ളിയില്‍ ജാഥയില്‍ കോടിയേരി സഞ്ചരിച്ചത് സ്വർണക്കടത്ത് കേസിലെ പ്രതിയുടെ വാഹനത്തില്‍ ആണെന്നാണ് ആക്ഷേപം.

വിമാനത്താവളം കേന്ദ്രീകരിച്ച് കളളക്കടത്ത് നടത്തിയ കേസില്‍ പിടിയിലായി നടപടി നേരിടുന്ന കാരാട്ട് ഫൈസലിന്റെ ഉടമസ്ഥതയില്‍ ഉളള പിവൈ 01 സികെ 3000 എന്ന മിനി കൂപ്പറിലാണ് കോടിയേരി യാത്ര ചെയ്തത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും പുറത്ത് വന്നതോടെ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി മാറി. അതേസമയം കാര്‍ ആരുടെതാണെന്ന് തനിക്ക് അറിവുണ്ടായിരുന്നില്ലെന്ന് കോടിയേരി പ്രതികരിച്ചു. പ്രാദേശിക നേതൃത്വമാണ് വണ്ടി ഏര്‍പ്പാടാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോടിയേരി ബാലകൃഷ്ണന്‍ കാരാട്ട് ഫൈസലിന്റെ കാറുപയോഗിച്ചത് സി.പി.എമ്മും സ്വർണ മാഫിയയും തമ്മിലെ ബന്ധത്തിന്റെ തെളിവാണെന്ന് മുസ്ലീം ലീഗ് ആരോപിച്ചു. സംഭവം മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് അന്വേഷിക്കണമെന്ന് ലീഗ് നേതാവ് മായിൻകുട്ടി ഹാജി ആവശ്യപ്പെട്ടു.

സംഭവത്തിനെതിരെ ബിജെപി നേതാവ് കെ സുരേന്ദ്രനും രംഗത്തെത്തി. ഇതു ജനജാഗ്രതായാത്രയോ അതോ പണജാഗ്രതായാത്രയോ എന്ന് അദ്ദേഹം ചോദിച്ചു. ‘സ്വർണ്ണക്കള്ളക്കടത്തുകേസ്സിലെ പ്രതി അതും ആയിരം കിലോയിലധികം സ്വർണ്ണം കടത്തിയതിൻറെ പേരിൽ ഡി. ആർ. ഐയും കോഫേപോസയും ചുമത്തപ്പെട്ട ഫൈസൽ കാരാട്ടിൻറെ കാറിലാണ് വിപ്ലവപാർട്ടിയുടെ നേതാവ് ജനങ്ങളെ അഭിവാദ്യം ചെയ്യുന്നത്. ഇനിയും തെളിവുകൾ ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടാം. അന്വേഷിക്കാൻ തയ്യാറാവുമോ പാർട്ടിയും മുഖ്യമന്ത്രിയും? നോട്ട് നിരോധനത്തിനെതിരെ ഉറഞ്ഞുതുള്ളിയതിൻറെ ഗുട്ടൻസ് ഇപ്പോൾ പിടികിട്ടിയില്ലേ?’ സുരേന്ദ്രന്‍ ചോദിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.