തിരുവനന്തപുരം: ശബരിമലവിഷയം കാരണം ലോകസഭാ തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് മുന്നേറാൻ വേണ്ടത്ര കഴിയുമോ എന്ന അത്തരം സന്ദേഹങ്ങൾക്ക് ഒരു അടിസ്ഥാനവുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഈ ആശങ്ക പരത്തുന്നതിന്, ബി ജെ പി‐യു ഡി എഫ് കേന്ദ്രങ്ങളെ പിന്തുണച്ച് വിവിധ മാധ്യമങ്ങളുടെ പേരിൽ പുറത്തുവന്ന സർവേ പ്രവചനങ്ങൾ ജനമനസ്സുകളെ പാകപ്പെടുത്താനായി വിലയ്ക്കെടുക്കപ്പെടുന്ന രാഷ്ട്രീയതന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു.

‘2004ലെ ലോകസഭാ വോട്ടെടുപ്പിൽ സംസ്ഥാനത്ത് എൽ ഡി എഫിന് ആറും യു ഡി എഫിന് 14 ഉം സീറ്റാണ് ചാനൽ സർവേകൾ പ്രവചിച്ചത്. എന്നാൽ, ഫലം വന്നപ്പോൾ എൽ ഡി എഫിന് 18 ഉം യു ഡി എഫിനും എൻ ഡി എയ്ക്കും ഓരോ സീറ്റുവീതവുമാണ് ലഭിച്ചത്. അതുകൊണ്ട് തെരഞ്ഞെടുപ്പിന് മുമ്പുള്ള ഇത്തരം പ്രവചന സർവേ റിപ്പോർട്ടുകൾക്ക് കഴമ്പില്ല. ഈ തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് ജനങ്ങൾ നൽകാൻ പോകുന്നത് 2004ലെ പോലുള്ള വൻ വിജയമാകും,’ കോടിയേരി വ്യക്തമാക്കി.

‘ലോകസഭാ തെരഞ്ഞെടുപ്പിലെ കേന്ദ്രവിഷയം ശബരിമല യുവതീപ്രശ്നമല്ല. കൊള്ളരുതായ്മയിൽ റെക്കോഡിട്ട മോഡി ഭരണത്തിന്റെ പരാജയം മറച്ചുവയ്ക്കാൻ ശബരിമല വിഷയത്തെ രാഷ്ട്രീയ തിരശ്ശീലയാക്കാൻ ചില ശക്തികൾ പരിശ്രമിക്കുകയാണ്. അഞ്ച് ആണ്ടാകാൻ പോകുന്ന മോഡി ഭരണം രാജ്യത്തെ അപകടത്തിലാക്കി. ഈ കാലയളവിൽ ജനങ്ങളെ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്കൊന്നും പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. കോൺഗ്രസ് ഭരണത്തിലെ അഴിമതി മുതലെടുത്ത് ഭരണത്തിലേറിയവർ അഴിമതിയിൽ അവരെ കടത്തിവെട്ടിയിരിക്കുകയാണ്. റഫേൽ വിമാന ഇടപാട് ഉൾപ്പെടെ അതാണ് അടിവരയിടുന്നതെന്നും കോടിയേരി പറഞ്ഞു.

ബിജെപി വീണ്ടും അധികാരത്തിൽവന്നാൽ ഭരണഘടനാസംവിധാനങ്ങളെല്ലാം അട്ടിമറിക്കപ്പെടുമെന്നത് പകൽപോലെ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ ഏറ്റവും അപകടകരമായ ഹിന്ദുത്വ വർഗീയശക്തിയെ അധികാരത്തിൽ നിന്ന് പുറത്താക്കുകയെന്നതാണ് ഈ ലോകസഭാ തെരഞ്ഞെടുപ്പിലെ മുഖ്യവിഷയം. ബി ജെ പിയെ പുറത്താക്കി മതനിരപേക്ഷ സർക്കാരിനെ അധികാരത്തിൽ കൊണ്ടുവരണം. അതിന് ഇടതുപക്ഷത്തിന്റെ പാർലമെന്റിലെ ശക്തി വർധിപ്പിക്കേണ്ടത് രാജ്യത്തിന്റെ ഭാവിക്ക് ആവശ്യമാണെന്നും കോടിയേരി ബീലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.