/indian-express-malayalam/media/media_files/uploads/2020/10/kodiyeri-balakrishnan-cpim-cpm-pressmeet.jpg)
തിരുവനന്തപുരം: കേരള കോൺഗ്രസ് (എം) ജോസ് കെ.മാണി വിഭാഗം ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഭാഗമായി പ്രവർത്തിക്കാൻ തീരുമാനിച്ചത് നേട്ടമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. കേരള കോൺഗ്രസിന്റെ വരവ് ഇടതുപക്ഷത്തിന്റെ വികസന നയത്തിനുള്ള അംഗീകാരമാണെന്ന് കോടിയേരി അവകാശപ്പെട്ടു.
"യുഡിഎഫിന്റെ തകർച്ചയ്‌ക്ക് വേഗത കൂടും. ഐക്യജനാധിപത്യ മുന്നണിയിൽ ഇനിയും പൊട്ടിത്തെറികൾ ഉണ്ടാകും. മൂന്നാമത്തെ കക്ഷിയാണ് യുഡിഎഫിൽ നിന്നു പുറത്തുവന്നിരിക്കുന്നത്. ജോസ് കെ.മാണി മുന്നണി വിട്ടത് യുഡിഎഫിന്റെ അടിത്തറ തകർക്കും. കേരള കോൺഗ്രസ് എമ്മിന്റെ ഇടതുമുന്നണി പ്രവേശനം സ്വാഗതം ചെയ്യുന്നു. കേരള കോൺഗ്രസ് മുന്നണിയിൽ നിന്നു വിട്ടുപോകുന്നത് തടയാൻ കോൺഗ്രസ് ഹൈക്കമാൻഡിന് പോലും സാധിച്ചില്ല. സംഘടനാപരമായും രാഷ്ട്രീയമായും കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണി തകർന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അടിത്തറ ശക്തമാക്കുന്നതാണ് കേരള കോൺഗ്രസിന്റെ വരവ്," കോടിയേരി ബാലകൃഷ്‌ണൻ സംസ്ഥാന സെക്രട്ടറിയേറ്റിനു ശേഷമുള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Read Also: സംസ്ഥാനത്ത് ഇന്ന് 7283 പേര്‍ക്ക് കോവിഡ്; 6767 പേർക്ക് രോഗമുക്തി
സീറ്റ് വിഭജനത്തെ കുറിച്ച് ഇപ്പോൾ ആലോചനയില്ലെന്നും തിരഞ്ഞെടുപ്പ് സമയത്ത് കൃത്യമായി മുന്നണിയിൽ തീരുമാനങ്ങൾ എടുക്കുമെന്നും കോടിയേരി പറഞ്ഞു. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ 2016 ലെക്കാൾ കൂടുതൽ സീറ്റ് ഇടതുമുന്നണി നേടുമെന്നും യുഡിഎഫിന് ഇപ്പോൾ ഉള്ള സീറ്റ് പോലും ലഭിക്കില്ലെന്നും കോടിയേരി പറഞ്ഞു.
അതേസമയം, ഇടതുമുന്നണിക്കൊപ്പം സഹകരിക്കുമെന്ന് പ്രഖ്യാപിച്ച ജോസ് കെ.മാണി ഇന്ന് എകെജി സെന്ററിലെത്തി കോടിയേരിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇടതുമുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.