തിരുവനന്തപുരം: പുതുവൈപ്പിനിലെ ഐ ഒ സി പ്ളാന്റിനെതിരായുള്ള സമരം ചർച്ചയിലൂടെ രമ്യമായി പരിഹരിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാരുമായുള്ള ചര്‍ച്ചയ്‌ക്ക് സമരസമിതി തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു ചര്‍ച്ചയ്ക്കുമില്ലെന്ന നിലപാട് പുനഃപരിശോധിക്കണം. പൊലീസ് നടപടിയില്‍ തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അത് സര്‍ക്കാര്‍ പരിശോധിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

“യുപിഎ സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ ഈ പദ്ധതി എന്‍ഡിഎ സര്‍ക്കാരും മുന്നോട്ടുകൊണ്ടുപോവുകയാണ്. കേന്ദ്രമന്ത്രി നേരിട്ടെത്തി പദ്ധതി വേഗം പൂര്‍ത്തിയാക്കണമെന്നാണ് ആവശ്യപ്പെട്ടത്. സംസ്ഥാന സര്‍ക്കാരിന് പദ്ധതിക്ക് ആവശ്യമായ സഹായം ഒരുക്കി നല്‍കേണ്ടതുണ്ട്. പദ്ധതി വേണോ വേണ്ടയോ എന്ന് തീരുമാനിക്കാനാകുന്നത് കേന്ദ്രസര്‍ക്കാരിന് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

“പദ്ധതിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന ഹൈക്കോടതിയുടെ നിർദ്ദേശം സർക്കാരിന് നടപ്പിലാക്കാതിരിക്കാനാവില്ല. പദ്ധതി നിര്‍മ്മാണം തടസപ്പെടുത്തില്ലെന്ന് സമരസമിതി ഹൈക്കോടതിയില്‍ നല്‍കിയ ഉറപ്പ് ലംഘിച്ചാണ് പ്രതിഷേധം ഉണ്ടാവുന്നത്. കൊച്ചി മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തിയ ദിവസം മുന്‍കൂട്ടി അറിയിക്കാതെ നടന്ന പ്രതിഷേധ പരിപാടി വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതായി മാറുമായിരുന്നു. മെട്രോ ഉദ്ഘാടനവേദിയിലേക്ക് സംഘര്‍ഷം എത്തിയിരുന്നെങ്കില്‍ സുരക്ഷാ വീഴ്ച എന്നനിലയില്‍ സംസ്ഥാനം വിമര്‍ശിക്കപ്പെടുമായിരുന്നുവെന്നതിൽ സംശയമില്ല. അത്തരം നീക്കങ്ങളും സംഘർഷങ്ങളും ആവർത്തിക്കാതെ സമരം അവസാനിപ്പിക്കാൻ കഴിയേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.