തിരുവനന്തപുരം: പി.ജയരാജനെ തിരുത്തി സിപിഎം സംസ്ഥാന സമിതി. ആന്തൂര്‍, പിജെ ആര്‍മി വിഷയങ്ങളിലാണ് ജയരാജനെ സംസ്ഥാന സമിതി തിരുത്തിയത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പൊതു ചര്‍ച്ചയ്ക്ക് മറുപടി പറയുമ്പോഴായിരുന്നു വിമര്‍ശനം ഉന്നയിച്ചത്.
അഭിപ്രായ വ്യത്യാസങ്ങളും വിയോജിപ്പുകളും ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ അത്തരം കാര്യങ്ങള്‍ പറയാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് ശരിയല്ല. പാര്‍ട്ടി വേദികളില്‍ ഉന്നയിക്കുകയാണ് വേണ്ടതെന്ന് കോടിയേരി പറഞ്ഞു.
അതേസമയം, ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയെ വേദിയിലിരുത്തി വിമര്‍ശിച്ച നടപടി ശരിയായില്ലെന്നും കോടിയേരി പറഞ്ഞു. സംസ്ഥാന സമിതി നടപടിയെടുക്കുമെന്ന് പ്രംസഗിച്ചപ്പോള്‍ അത് ജനങ്ങള്‍ക്ക് നല്‍കുന്ന വാഗ്‌ദാനമാണെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടുവെന്നും അതൊരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പി.ജയരാജന്റെ ആരാധകരുടെ ഫെയ്സ്ബുക്ക് കൂട്ടായ്മയാണ് പിജെ ആര്‍മി എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പ്. ഈ ഗ്രൂപ്പില്‍ ആന്തൂര്‍ വിഷയത്തിലും ബിനോയ് കോടിയേരി വിവാദത്തിലും ചില പോസ്റ്റുകളും പരാമര്‍ശങ്ങളും വന്നിരുന്നു. ഇതെല്ലാം ഔദ്യോഗിക സ്വഭാവമുള്ളതായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു സംസ്ഥാന സമിതി വിമര്‍ശനം ഉന്നയിച്ചത്.
കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തില്‍ ജയരാജനെ പിന്തുണയ്ക്കുന്ന ഫെയ്സ്ബുക്ക് പേജുകളില്‍ ആന്തൂര്‍ വിഷയത്തില്‍ നഗരസഭാ ചെയര്‍പേഴ്സണെതിരെ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത് ചര്‍ച്ചയായിരുന്നു. അത് തിരുത്തണമെന്ന നിര്‍ദേശം ജയരാജന് നല്‍കുകയും ചെയ്തു. സംസ്ഥാന സമിതി യോഗത്തിന് ശേഷം പി.ജയരാജന്‍ പി.ജെ എന്ന ചുരുക്കപ്പേര് മാറ്റണമെന്നും എതിരാളികള്‍ക്ക് അടിക്കാനുള്ള ആയുധങ്ങള്‍ നല്‍കരുതെന്നും നിര്‍ദേശിച്ച് പോസ്റ്റിട്ടിരുന്നു.