തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ വരുന്നത് അനുസരിച്ച് ബിജെപിക്ക് വോട്ട് കുറയുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അടിക്കടി മോദി കേരളത്തില്‍ വരുന്നത് ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണെന്നും കോടിയേരി പറഞ്ഞു.
കമ്യൂണിസ്റ്റുകാര്‍ സംസ്കാരം തകര്‍ക്കുന്നുവെന്ന പ്രസ്താവനയും ആസൂത്രിതമാണെന്ന് കോടിയേരി. ആര്‍എസ്എസ് പ്രചാരകനെപ്പോലെയാണ് പ്രധാനമന്ത്രിയുടെ പ്രഭാഷണങ്ങള്‍. ആര്‍എസ്എസ് വേദികളില്‍ എന്ന പോലെയാണ് പൊതുവേദികളിലെ അദ്ദേഹത്തിന്റെ സംസാരമെന്നും കോടിയേരി പറഞ്ഞു. ശബരിമല വിധി നടപ്പാക്കേണ്ട എന്നാണ് നിലപാടെങ്കില്‍ അത് പറയണമെന്നും കോടിയേരി.
നേരത്തെ, സിപിഎം ജില്ലാ ഓഫിസില്‍ പരിശോധന നടത്തിയ ചൈത്ര തെരേസ ജോണിനെ കോടിയേരി ബാലകൃഷ്ണന് വിമര്‍ശിച്ചിരുന്നു. നിയമ വാഴ്ച നടപ്പിലാക്കാനാണ് പൊലീസ് ഓഫിസര്‍മാര്‍ ശ്രമിക്കേണ്ടത്. ജില്ലാ കമ്മിറ്റി ഓഫിസില്‍നിന്നും ഒരാളെയും പിടികൂടാന്‍ കഴിഞ്ഞില്ല. പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ പരിശോധന നടത്തിയതില്‍ ന്യായീകരണമുണ്ട്. റെയ്ഡല്ല, വെറുതെ ഓഫിസില്‍ കയറി പ്രഹസനം നടത്തുകയായിരുന്നു. അതിന്റെ പേരില്‍ പത്രങ്ങളില്‍ വാര്‍ത്തയുണ്ടാക്കിയെന്ന് കോടിയേരി പറഞ്ഞു.
വില കുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പൊലീസ് ഓഫിസര്‍മാരായും മറ്റുള്ളവരായാലും അത് സര്‍ക്കാരിന്റെ നയമല്ല. സര്‍ക്കാരിന് മുകളില്‍ പറക്കാന്‍ ഓഫിസര്‍മാര്‍ ശ്രമിക്കരുത്. പരിശോധന നടത്തിയത് ആസൂത്രിതമായിരുന്നുവെന്ന് പറയാനാവില്ല. ഉദ്യോഗസ്ഥയുടെ തോന്നലിന്റെ ഭാഗമായി ചെയ്തതാവും. ആസൂത്രിതമായി ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ ഇതുപോലുള്ള ഓഫിസര്മാക്ക് കേരളത്തില്‍ കഴിയുമെന്ന് തോന്നുന്നില്ല. എല്ലാ ഓഫിസര്‍മാരും സര്‍ക്കാരിന് വിധേയരും കീഴിലുമാണെന്നും കോടിയേരി പറഞ്ഞു.