കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പയ്യാമ്പലത്ത് അന്ത്യവിശ്രമം. ഗണ്‍ സല്യൂട്ട് ഉള്‍പ്പെടെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. നായനാരുടെയും ചടയന്‍ ഗോവിന്ദന്റെയും സ്മൃതി കുടീരങ്ങള്‍ക്കു നടുവിലാണ് കോടിയേരിയുടെ അന്ത്യവിശ്രമം. മുഷ്ടി ചുരുട്ടി വിപ്ലവവീര്യത്തിന്റെ അകമ്പടിയോടെയാണ് കമ്യൂണിസ്റ്റ് കോട്ട പ്രിയ സഖാവിന് വിട ചൊല്ലിയത്.
കോടിയേരിയുടെ മാടപ്പീടികയിലെ വസതിയില്‍ പൊതുദര്‍ശനത്തിനുവെച്ച ഭൗതികദേഹം രാവിലെ പത്തുമണിയോടെ വിലാപയാത്രയായാണ് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിച്ചത്. അവിടെ നിന്ന് കാല്‍നടയായി വിലാപയാത്രയായി പയ്യാമ്പലം കടല്‍തീരത്തേക്ക് എത്തിക്കുകയായിരുന്നു. സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്, ബിജെപി നേതാവ് സി.കെ പദ്മനാഭന്, ആര്.എസ്.എസ് നേതാവ് വത്സന് തില്ലങ്കേരി, വിവിധ പാര്‍ട്ടികളുടെ നേതാക്കള്‍ തുടങ്ങിയവര്‍ അന്ത്യമോപചാരം അര്‍പ്പിച്ചു.
കോടിയേരിയെ അവസാനമായി ഒരു നോക്കു കാണാന്‍ പൊതുദര്‍ശന വേദികളില്‍ നൂറുകണക്കിനാളുകളാണെത്തിയത്. അഴിക്കോട് മന്ദിരം മുതല്‍ പയ്യാമ്പലത്തേക്കുള്ള വിലാപയാത്രയില്‍ മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രിമാര്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് സിപിഎം നേതാക്കളായ എ വിജരാഘവന്, എം എ ബേബി, പി കെ ശ്രീമതി, കെ കെ ശൈലജ തുടങ്ങിയവര്‍ വിലാപ യാത്രയുടെ മുന്‍ നിരയില്‍ ഉണ്ടായിരുന്നു. സംസ്ഥാന നേതാക്കള്‍ക്ക് പിന്നില്‍ ആയിരകണക്കിന് അണികളും കോടിയേരിക്ക് അവസാന യാത്ര പറയാനായി കാല്‍നടയായി തുടരുന്നുണ്ടായിരുന്നു. കോടിയേരിയുടെ മൃതദ്ദേഹം ചിതയിലേക്ക് എടുക്കുമ്പോള്‍ ശവമഞ്ചത്തിന്റെ തലക്കല്‍ കൈ പിടിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുന്നില്‍ തന്നെയുണ്ടായിരുന്നു. മൂന്നരയോടെയാണ് സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചത്. 3.50 ടെ കോടിയേരിയുടെ മക്കളായ ബിനോയും ബിനീഷും ചിതയിലേക്ക് അഗ്നി പകര്‍ന്നു. കോടിയേരിക്ക് അവസാനമായി മുഷ്ടി ചുരുട്ടി മുദ്രാവാക്യമര്പ്പിച്ച് മുഖ്യമന്ത്രിയും മറ്റ് നേതാക്കളും അനുശോചന വേദിയിലേക്ക് മടങ്ങി.
പ്രിയ സഖാവിനെ അവസാനമായി കാണാന്‍ ഇന്നലെ തലശേരിയില്‍ ജനപ്രവാഹമായിരുന്നു. ജനത്തിരക്ക് വര്‍ധിച്ചതോടെ എട്ട് മണി വരെ നിശ്ചയിച്ചിരുന്നു പൊതുദര്‍ശനം 10 മണി വരെ നീണ്ടു. കോടിയേരിയെ അവസാനമായി ഒരു നോക്കു കാണാന്‍ വസതിയിലേക്കും ആയിരകണക്കിനാളുകളാണെത്തിയത്. അര്‍ബുദ ബാധിതനായിരുന്ന കോടിയേരി ചെന്നൈയിലെ അപ്പോളൊ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് അന്തരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് എയര്‍ ആംബുലന്‍സില്‍ മൃതദേഹം കണ്ണൂരിലെത്തിച്ചത്.