തിരുവനന്തപുരം: മേയർ അഡ്വ. വി.കെ പ്രശാന്തിനെ കോർപ്പറേഷൻ മന്ദിരത്തിൽ ക്രൂരമായി അക്രമിച്ച് പരുക്കേൽപ്പിച്ച ബി.ജെ.പി നടപടി പ്രാകൃതമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.

കോർപ്പറേഷൻ മേയർക്ക് കക്ഷിപരിഗണകൾക്ക് അതീതമായ ആദരവാണ് സമൂഹം നൽകുന്നത്. അതെല്ലാം ലംഘിച്ച് മേയറെ കാലിന് പിടിച്ച് നിലത്തിടുകയും മർദ്ദിക്കുകയും ചെയ്‌തത് കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത നടപടിയാണ്. ഇത് ജനാധിപത്യത്തേയും പൗരബോധത്തേയും കാറ്റിൽ പറത്തുന്നതാണ്. ഒരുവശത്ത് കമ്മ്യൂണിസ്‌റ്റ് ആക്രമണമെന്ന് വ്യാജമുറവിളി കൂട്ടി ദേശവ്യാപകമായി പ്രചരണ കോലാഹലം നടത്തുന്നതിനിടയിലാണ് മറുവശത്ത് സി.പി.എമ്മിന്റെയും എൽ.ഡി.എഫിന്റേയും പ്രവർത്തകർക്കും നേതാക്കൾക്കുമെതിരെ മനുഷ്യത്വരഹിതമായ ആക്രമണങ്ങൾ ബി.ജെ.പിയും ആർ.എസ്.എസും നടത്തുന്നത്, അദ്ദേഹം പറഞ്ഞു.

നഗരസഭാ യോഗം അലങ്കോലപ്പെടുത്താന്‍ മുന്‍കൂട്ടി ആലോചിച്ചെത്തിയ ബി.ജെ.പി സംഘം മനപ്പൂര്‍വ്വമായി മേയറെ ആക്രമിക്കുകയായിരുന്നു. സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഢപരിശ്രമമാണ് സംഘ പരിവാര്‍ നടത്തുന്നതെന്നും ഇത്തരം ആക്രമണങ്ങളെ സമചിത്തതയോടെ നേരിടണമെന്നും ജനാധിപത്യപരമായി പ്രതിഷേധിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

തിരുവനന്തപുരം നഗരസഭയുടെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് നടന്ന പ്രത്യേക കൗൺസിൽ യോഗത്തിനിടെയാണ് സിപിഎം-ബിജെപി കൗൺസിലർമാർ തമ്മിൽ ഏറ്റുമുട്ടിയത്. സംഭവത്തിൽ മേയർ വി.കെ.പ്രശാന്തിന് പരുക്കേറ്റു. ഇദ്ദേഹത്തെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ