തിരുവനന്തപുരം: രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ കാവി പുതപ്പിക്കാൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കൂട്ടുനിൽക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിമർശനം. അതിനാലാണ് അദ്ദേഹത്തെ പിന്തുണക്കാൻ കേന്ദ്രസർക്കാരും ഭരണഘടനാ സ്ഥാപനങ്ങളും മുന്നോട്ട് വന്നിരിക്കുന്നതെന്നും കോടിയേരി വിമർശിച്ചു.
“ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും നിഷ്പക്ഷതയും കാറ്റിൽ പറത്തിയാണ് നരേന്ദ്ര മോദി സർക്കാർ മുന്നോട്ട് പോകുന്നത്. ഇതിനെ പ്രതിരോധിക്കേണ്ട ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അത് ചെയ്യുന്നില്ല. നീതിന്യായ സംവിധാനത്തെ കാവി പുതപ്പിക്കാൻ കൂട്ടുനിൽക്കുന്നത് കൊണ്ടാണ് അദ്ദേഹത്തെ പിന്തുണക്കാൻ കേന്ദ്രസർക്കാരും ഭരണഘടന സ്ഥാപനങ്ങളും മുന്നോട്ട് വരുന്നത്,” കോടിയേരി പറഞ്ഞു.
ഉത്തരാഖണ്ഡിൽ രാഷ്ട്രപതി ഭരണം അടിച്ചേൽപ്പിച്ച് അധികാരം പിടിച്ചെടുക്കാനുളള കേന്ദ്രസർക്കാരിന്റെ നീക്കം തകർത്ത സുപ്രധാന വിധിയാണ് കേന്ദ്രസർക്കാരിന്റെയും ആർഎസ്എസിന്റെയും കണ്ണിലെ കരടാക്കി കെഎം ജോസഫിനെ മാറ്റിയതെന്നും കോടിയേരി കുറ്റപ്പെടുത്തി.
ഈ നില തുടർന്നാൽ ഭരണഘടനയ്ക്ക് പകരം മനു സ്മൃതി പരിഗണിക്കാൻ ജുഡീഷ്യറി നിർബന്ധിതമായേക്കുമെന്നും അദ്ദേഹം വിമർശിച്ചു.