തിരുവനന്തപുരം: മനുഷ്യാവകാശ കമ്മിഷനെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മനുഷ്യാവകാശ കമ്മീഷൻ ചെയര്‍മാന്‍ രാഷ്ട്രീയക്കാരനെ പോലെ സംസാരിക്കാൻ പാടില്ലെന്നും അങ്ങനെയെങ്കിൽ ആ സ്ഥാനം രാജിവച്ച് രാഷ്ട്രീയ പ്രവർത്തനം നടത്താൻ പോകുന്നതാണ് നല്ലതെന്നും കോടിയേരി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനു പിന്നാലെയാണ് കോടിയേരിയും മനുഷ്യാവകാശ കമ്മിഷൻ ചെയർമാനെ വിമർശിച്ചത്.

മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ആ പണി എടുത്താൽ മതിയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. വരാപ്പുഴയിലെ ശ്രീജിത്തിന്‍റെ കസ്റ്റഡിമരണത്തിൽ സിബിഐ അന്വേഷണം നടത്തണമെന്ന കമ്മീഷൻ ചെയർമാൻ പി.മോഹനദാസിന്റെ നിർദേശമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ആരോപണവിധേയനായ എസ്‌പി എ.വി.ജോർജിനെ പൊലീസ് അക്കാദമിയിലേക്കു മാറ്റിയതിനെയും മോഹനദാസ് വിമർശിച്ചിരുന്നു.

കമ്മിഷന്റെ ചുമതലയുളളയാൾ രാഷ്ട്രീയ നിലപാടു വച്ച് അഭിപ്രായം പറയരുത്. തീരുമാനമെടുക്കുമ്പോൾ മനുഷ്യാവകാശ കമ്മിഷനിലെ പദവിയിലാണെന്ന ഓർമ വേണമെന്നും അതിൽ മുൻ രാഷ്ട്രീയ നിലപാടു വരരുതെന്നുമാണ് പിണറായി പറഞ്ഞത്. മനുഷ്യാവകാശ കമ്മിഷൻ ചെയർമാനെപ്പോലെ എന്തും വിളിച്ചു പറയാനുള്ള മാനസികാവസ്ഥയിലുള്ളവരാണു സമൂഹമാധ്യമങ്ങളിൽ ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ