കണ്ണൂര്‍: അന്തരിച്ച മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അന്ത്യാഭിവാദ്യങ്ങള്‍ അര്‍പ്പിക്കാന്‍ തലശേരി ടൗണ്‍ ഹാളിലേക്കെത്തിയത് പതിനായിരങ്ങള്‍. വൈകുന്നേരം നാല് മണിയോടെയാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിലാപയാത്ര ടൗണ്‍ ഹാളിലെത്തിയത്.
ജനത്തിരക്ക് തുടര്‍ന്നതിനാല്‍ രാത്രി പത്ത് വരെ മൃതദേഹം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചു. ശേഷം മാടപ്പീടികയിലെ വസതിയിലേക്ക് കൊണ്ടുപോയി. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തുടങ്ങിയവര്‍ കോടിയേരിയുടെ വസതിയിലെത്തി.
കോടിയേരിയെ അവസാനമായി ഒരു നോക്കു കാണാന്‍ വസതിയിലേക്കും നൂറുകണക്കിനാളുകളാണെത്തുന്നത്. നാളെ രാവിലെ പത്ത് മുതല്‍ വസതിയിലും 11 മുതൽ കണ്ണൂർ ജില്ല കമ്മിറ്റി ഓഫിസിലും പൊതുദർശനമുണ്ടാകും. വൈകിട്ട് മൂന്ന് മണിക്ക് പയ്യാമ്പലത്താണ് സംസ്കാരം.
കേരള പൊലീസ് ഔദ്യോഗിക ബഹുമതികള്‍ നല്‍കിയാണ് കോടിയേരിയുടെ മൃതദേഹം ടൗണ്‍ഹാളിലേക്ക് പ്രവേശിപ്പിച്ചത്. തലശേരി ടൗണ്‍ ഹാളില്‍ എത്തിച്ച മൃതദേഹത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും നേതാക്കളും ചേര്‍ന്ന് ചെങ്കൊടി പുതപ്പിച്ചു. പിന്നാലെ മുഖ്യമന്ത്രി കോടിയേരിയുടെ മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു.
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് തലശേരിയിലേക്കുള്ള വിലാപയാത്രയില്‍ പ്രിയസഖാവിന് അവസാനമായി യാത്ര പറയാന്‍ ആയിരങ്ങളാണ് പാതയോരങ്ങളില്‍ തടിച്ചുകൂടിയത്.മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ചും, കണ്ണീരണിഞ്ഞുമായിരുന്നു കണ്ണൂരിലെ ജനം കോടിയേരിയുടെ മൃതദേഹം ഏറ്റവാങ്ങിയത്.
കേരള രാഷ്ട്രീയത്തിലെ പ്രമുഖര്‍ തലശേരിയിലെത്തി കോടിയേരിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. മന്ത്രിമാര്‍ക്ക് പുറമെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, കെ കെ രമ എംഎല്‍എ തുടങ്ങിയവര്‍ തലശേരിയിലെത്തി.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു കോടിയേരിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള എയര്‍ ആംബുലന്‍സ് ചെന്നൈയില്‍ നിന്ന് കണ്ണൂരിലെത്തിയത്. കോടിയേരിയുടെ ഭാര്യ വിനോദിനി, മകന്‍ ബിനീഷ് കോടിയേരി, റിനിറ്റ എന്നിവരാണ് മൃതദേഹത്തെ അനുഗമിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കളും മന്ത്രിമാരും പൊതുദര്‍ശനം നിശ്ചയിച്ചിട്ടുള്ള തലശേരി ടൗണ്‍ ഹാളില്‍ നേരത്തെ തന്നെ എത്തിയിരുന്നു. കോടിയേരിയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് യൂറോപ്യന്‍ പര്യടനം മാറ്റിവെച്ച് മുഖ്യമന്ത്രി ചെന്നൈയിലേക്ക് തിരിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ മരണം സംഭവിച്ചതിനെ തുടര്‍ന്ന് കണ്ണൂരിലേക്ക് യാത്ര തിരിക്കുകയായിരുന്നു.
അര്‍ബുദരോഗബാധിതനായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്നലെ രാത്രി എട്ടുമണിയോടെയാണ് കോടിയേരിയുടെ അന്ത്യം സംഭവിച്ചത്. മരണസമയത്ത് ഭാര്യയും മക്കളും ഒപ്പമുണ്ടായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഇന്നലെ തന്നെ അപ്പോളൊ ആശുപത്രിയിലെത്തിയിരുന്നു.
വിലാപ യാത്ര കടന്നു പോകുന്ന വഴിയിൽ 14 കേന്ദ്രങ്ങളിൽ ജനങ്ങൾക്ക് അന്ത്യാഭിവാദ്യം അർപ്പിക്കാൻ ആംബുലന്‍സ് നിര്‍ത്തി. മട്ടന്നൂർ ടൗൺ, നെല്ലൂന്നി, ഉരുവച്ചാൽ, നീർവേലി, മൂന്നാംപിടിക, തൊക്കിലങ്ങാടി, കൂത്തുപറമ്പ്, പൂക്കോട്, കോട്ടയംപൊയിൽ, ആറാം മൈൽ, വേറ്റുമ്മൽ, കതിരൂർ, പൊന്ന്യം സ്രാമ്പി, ചുങ്കം എന്നിവിടങ്ങളിലാണ് വിലാപയാത്ര നിർത്തിയത്.
നാളെ തലശേരി, ധര്‍മടം, കണ്ണൂര്‍ മണ്ഡലങ്ങളിലും മാഹിയിലും ഹര്‍ത്താല്‍ ആചരിക്കും. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറൊ അംഗം പ്രകാശ് കാരാട്ട് എന്നിവര്‍ നാളെ കണ്ണൂരിലെത്തുമെന്നാണ് ലഭിക്കുന്ന വിവരം.