കായംകുളം: സംവരണ വിഷയത്തിൽ എസ്എൻഡിപിയെ നിശിതമായി വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംവരണത്തിന് വേണ്ടി വാദിക്കുന്നവർ അത് അവരവരുടെ സ്ഥാപനങ്ങളിൽ ആണ് ആദ്യം നടപ്പിലാക്കേണ്ടതെന്ന് കോടിയേരി ബാലകൃഷ്ണൻ. എസ്എന്‍ഡിപി സംവരണത്തിന് വേണ്ടി വാദിക്കുന്നത് ഇരട്ടത്താപ്പാണെന്ന് അദ്ദേഹം പറഞ്ഞു.

എയ്ഡഡ് സ്കൂൾ സംവരണ നിയമന വിഷയത്തിൽ എസ്എൻഡിപി കോടതിയിൽ പോയത് ശരിയാണോയെന്ന് ബന്ധപ്പെട്ടവർ ചിന്തിക്കണമെന്നും കായംകുളത്ത് സിപിഎം സംഘടിപ്പിച്ച സംവരണ സെമിനാറിൽ കോടിയേരി പറഞ്ഞു.

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും സിപിഎം സെമിനാറിന് ക്ഷണിച്ചിരുന്നു. ഏറെ നാളുകൾക്കു ശേഷം വെള്ളാപ്പള്ളി നടേശൻ സിപിഎമ്മിന്റെ വേദിയിലെത്തുന്നത് രാഷ്ട്രീയ രംഗത്ത് ചർച്ചയായിരുന്നു. എന്നാൽ മറ്റു ചില അസൗകര്യങ്ങൾ ചൂണ്ടിക്കാണിച്ച് വെള്ളാപ്പള്ളി സെമിനാറിന് എത്തിയില്ല. വെള്ളാപ്പള്ളിയുടെ എഴുതിത്തയ്യാറാക്കിയ പ്രസംഗം എസ്എൻഡിപി യോഗം അസിസ്റ്റൻറ് സെക്രട്ടറി മന്മഥൻ വേദിയിൽ വായിക്കുകയായിരുന്നു.

സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള സർക്കാരിന്റെ നീക്കം പിന്നാക്ക വിരുദ്ധതയും അനർഹമായ മുന്നാക്ക പ്രീണനവുമാണെന്ന് വെള്ളാപ്പള്ളിയുടെ പ്രസംഗത്തിൽ പറഞ്ഞു. കോടിയേരി പറഞ്ഞ കേസിന്റെ കാര്യം എസ്എൻഡിപിക്കറിയില്ലെന്ന് മന്മഥൻ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.