തിരുവനന്തപുരം: സിപിഐ (എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ കതിരൂര്‍ മനോജ് വധക്കേസില്‍ യുഎപിഎ ചുമത്തി കുറ്റപത്രം സമര്‍പ്പിച്ച സിബിഐയുടെ നടപടി സിപിഎമ്മിനെതിരെ ബിജെപി ഗവണ്‍മെന്റ് സ്വീകരിച്ചുവരുന്ന വൈരനിര്യാതന സമീപനത്തിന്റെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

യുഎപിഎ ചുമത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ്. സംസ്ഥാന സര്‍ക്കാരിനെ മറികടന്ന് കേന്ദ്രഗവണ്‍മെന്റ് ഇടപെട്ട് യുഎപിഎ ചുമത്താന്‍ അനുമതി കൊടുക്കുന്ന സമീപനം സിപിഎമ്മിനെതിരെ സിബിഐയെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന വേട്ടയാടല്‍ സമീപനത്തിന്റെ ഭാഗമാണ്. ഈ നടപടി രാഷ്ട്രീയ പ്രതിയോഗികളെ അമര്‍ച്ച ചെയ്യാന്‍ കേന്ദ്രഗവണ്‍മെന്റ് സിബിഐ യെ ഉപയോഗിച്ച് നടത്തുന്ന ഇടപെടലിന്റെ ഉത്തമ ഉദാഹരണമാണ്. ഇതിനെതിരെ രാഷ്ട്രീയമായും നിയമപരമായുമുള്ള എല്ലാ സാധ്യതകളും പരിശോധിച്ച് പി.ജയരാജന്റെ നിരപരാധിത്വം തെളിയിക്കാനാവശ്യമായ ഇടപെടല്‍ പാര്‍ട്ടി നടത്തുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.