തിരുവനന്തപുരം: കാസർഗോഡ് കൊലപാതകങ്ങൾ അപലപനീയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കൊലപാതകത്തിൽ സിപിഎം പ്രവർത്തകർ ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവരെ പാർട്ടി സംരക്ഷിക്കില്ല. അക്രമങ്ങൾ പാർട്ടി നയമല്ല. പാർട്ടിയുടെ നയത്തിന് വിപരീതമായി പ്രവർത്തിക്കുന്നത് ആരായാലും അവരെ വച്ചു പൊറുപ്പിക്കില്ല. അവർക്കെതിരെ പാർട്ടിയുടെ അച്ചടക്ക നടപടി ഉണ്ടാകുമെന്നും കോടിയേരി പറഞ്ഞു.

കാസർഗോഡ് കൊലപാതകത്തിൽ സിപിഎം പ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവരെ നിയമത്തിന് മുന്നിലെത്തിക്കാൻ പാർട്ടി തന്നെ നടപടിയെടുക്കും. പാർട്ടി ബോധമുളളവർ ഇത്തരമൊരു പ്രവൃത്തി ചെയ്യില്ല. കാരണം ഇന്നലെയായിരുന്നു കാസർഗോഡിൽ എൽഡിഎഫ് പര്യടനം. ആ ദിവസം തന്നെ സിപിഎമ്മുകാർ ആരെങ്കിലും ഇത്തരമൊരു സംഭവത്തിൽ പങ്കാളിയായിട്ടുണ്ടെങ്കിൽ അവർ സിപിഎമ്മിന്റെ രാഷ്ട്രീയ നിലപാടുകൾ അംഗീകരിക്കുന്നവരല്ല. അത്തരക്കാരെ സിപിഎം അംഗീകരിക്കില്ലെന്നും കോടിയേരി പറഞ്ഞു.

Read: രാഷ്ട്രീയ കൊലപാതകം തന്നെ; സിപിഎം പ്രവര്‍ത്തകര്‍ക്ക് പങ്കെന്ന് എഫ്‌ഐആര്‍

സംസ്ഥാനത്ത് സമാധാന പൂർണമായ അന്തരീക്ഷം സ്ഥാപിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ആ ശ്രമങ്ങളെ ദുർബലപ്പെടുത്തുകയാണ് ഇത്തരം കൊലപാതകങ്ങൾ ചെയ്യുക. ആരെങ്കിലും ചെയ്യുന്ന സംഭവം പാർട്ടി ഏറ്റെടുക്കില്ല. കുറ്റവാളികളെ നിയമനത്തിന് മുന്നിൽ എത്തിക്കാൻ പൊലീസ് പഴുതടച്ച് അന്വേഷിക്കണം. കാസർഗോഡ് കൊലപാതകത്തിന് യാതൊരുവിധ ന്യായീകരണവുമില്ല. മനുഷ്യരെ അങ്ങനെ വെട്ടിക്കൊല്ലാൻ പാടില്ല. അത് പ്രാകൃതമായ നിലപാടാണ്. ഈ സംസ്കാരം രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഉപേക്ഷിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം രാഷ്ട്രീയ കൊലപാതകങ്ങള്‍ ആണെന്നും സിപിഎം പ്രവര്‍ത്തകര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നുമാണ് എഫ്‌ഐആറിലെ സൂചന. സിപിഎം പ്രാദേശിക നേതാവിനെ ആക്രമിച്ച കേസിലെ പ്രതികളായിരുന്നു രണ്ടു പേരും. നേരത്തെ തന്നെ ഇരുവര്‍ക്കും ഭീഷണിയുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഞായറാഴ്ച രാത്രി എട്ടരയോടെ പെരിയക്കടുത്ത് കല്യോട്ട് വച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വെട്ടേറ്റ് മരിച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (19), ശരത് (23) എന്നിവരാണ് മരിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.