തിരുവനന്തപുരം: പരാതിക്കുളള മറുപടി മകൻ വിശദീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മകനെതിരെ ദുബായിൽ ഒരു കേസുമില്ലെന്നും കോടിയേരി പറഞ്ഞു.

അതേസമയം, തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ ബിനോയ് കോടിയേരിയും നിഷേധിച്ചിരുന്നു. തനിക്കെതിരെ യാതൊരു പരാതിയും ദുബായ് കോടതിയിലും പൊലീസിലും ഇല്ലെന്നും പരാതി വ്യാജമാണെന്നും ബിനോയ് കോടിയേരി പറഞ്ഞിരുന്നു.

ദുബായിൽ ബിനോയ് കോടിയേരി 13 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. ജാസ് ടൂറിസം കമ്പനി ഉടമ ഹസൻ ഇസ്മയിൽ അബ്ദുളള അൽമർസൂഖി ആണ് ബിനോയ്‌ക്കെതിരെ പരാതി നൽകിയത്. ഒരു ഔഡി കാർ വാങ്ങുന്നതിന് 53.61 ലക്ഷം രൂപ ഈടുവായ്പ നല്‍കി. ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാൾ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങൾക്ക് 7.7 കോടി രൂപ ബിനോയ്ക്ക് കമ്പനി അക്കൗണ്ടിൽനിന്നു ലഭ്യമാക്കിയെന്നാണ് പരാതി.

അതിനിടെ, ബിനോയ് നൽകിയ ചെക്കുകൾ മടങ്ങുകയും ദുബായ് വിടുകയും ചെയ്ത സാഹചര്യത്തിൽ ഇന്റർപോളിന്റെ സഹായം തേടാൻ ദുബായ് പബ്ലിക് പ്രോസിക്യൂട്ടർ‍ നിർദേശം നൽകിയെന്നാണ് കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന വിവരം. മകൻ പണം നൽകാനുണ്ടെന്ന് ചില ഇടനിലക്കാർ മുഖേന കോടിയേരിയെ അറിയിച്ചിരുന്നതായും പണം നൽകാമെന്ന് കോടിയേരി നൽകിയ ഉറപ്പ് ലംഘിക്കപ്പെട്ടതുമാണ് കമ്പനി കൂടുതൽ നടപടികളിലേക്ക് നീങ്ങിയതെന്നാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ