തിരുവനന്തപുരം: ‘അമ്മ’ യോഗത്തിനു ശേഷം വാർത്താസമ്മേളനത്തിൽ താരങ്ങള്‍ പ്രതികരിച്ച രീതി ശരിയായില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പൊതുവേദികളില്‍ സിനിമാക്കാരും ശ്രദ്ധിക്കണം. സിനിമയല്ല ജീവിതം. സംഘടനയെ സംഘടനയായേ ജനം കാണൂവെന്നും മനോരമ ന്യൂസിന്റെ നേരേചൊവ്വേയിൽ കോടിയേരി പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ പുതിയ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഇപ്പോഴത്തെ അന്വേഷണം. ഗൂഢാലോചനയെക്കുറിച്ച് ആദ്യം സൂചന ഇല്ലായിരുന്നുവെന്നും കോടിയേരി പറഞ്ഞു.

അമ്മയുടെ വാർഷിക പൊതുയോഗത്തിനുശേഷം നടന്ന വാർത്താസമ്മേളനത്തിൽ മുകേഷും ഗണേഷ് കുമാറും മാധ്യമപ്രവർത്തകരോട് രോഷാകുലരായി സംസാരിച്ചിരുന്നു. “അനാവശ്യ ചോദ്യങ്ങൾ വേണ്ടെന്ന്” നടനും എംഎൽഎയുമായ മുകേഷ് പറഞ്ഞു. ഇതിന് പിന്നാലെ മാധ്യമപ്രവർത്തകർ ദിലീപിനെ വേട്ടയാടുന്നുവെന്ന ആരോപണവുമായി കെ.ബി.ഗണേഷ് കുമാർ രംഗത്ത് വന്നു. “ആടിനെ പട്ടിയാക്കി, പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുന്ന പോലെ ദിലീപിനെ വേട്ടയാടാൻ അനുവദിക്കില്ല. രാജ്യത്ത് നിയമ വ്യവസ്ഥ നിലവിലുണ്ട്. അവർ ഈ കാര്യം അന്വേഷിച്ച് കണ്ടെത്തും” അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ