കൊച്ചി: ശബരിമലയിൽ പ്രാർഥിക്കാൻ ഭക്തരായ സ്‌ത്രീകൾക്ക്‌ പ്രായഭേദമെന്യേ ലഭിച്ചിരിക്കുന്ന അവസരം ഇഷ്ടമുള്ള സ്‌ത്രീകൾക്ക്‌ ഉപയോഗിക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. താൽപ്പര്യമില്ലാത്തവർ അങ്ങോട്ട്‌ പോകണ്ട. ഇത്തരം കാര്യങ്ങളിൽ സ്‌ത്രീകളെ ശബരിമലയിൽ കൊണ്ടുപോകാനും വരാനും സിപിഎം ഇടപെടില്ലെന്നും ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം പറഞ്ഞു.

“അയ്യപ്പഭക്തരായ പുരുഷന്മാരുടെ ആരാധനാ സ്വാതന്ത്ര്യത്തിലും സിപിഎം ഇടപെട്ടിട്ടില്ല. ഇഷ്ടമുള്ളവർക്ക്‌ പോകാം. ഇഷ്ടമില്ലാത്തവർ പോകണ്ട എന്ന നിലപാടാണ്‌ ഞങ്ങൾ സ്വീകരിച്ചിട്ടുള്ളത്‌. അതെല്ലാം വിസ്‌മരിച്ച്‌ വിശ്വാസികളുടെ വിശ്വാസത്തെ അടിച്ചമർത്താൻ സിപിഎം ഇടപെടുന്നു എന്ന്‌ ആരോപിക്കുന്നത്‌ അസംബന്ധമാണ്‌,” ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻ പിളളയുടെ പ്രസ്താവന പരാമർശിച്ച് കോടിയേരി പറഞ്ഞു.

“പ്രായഭേദമെന്യേ സ്‌ത്രീകൾക്ക്‌ ശബരിമലയിൽ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പാക്കുന്നത്‌ തടയാൻ ശ്രമിക്കുമ്പോഴാണ്‌ വിശ്വാസത്തെ അടിച്ചമർത്തുന്ന പ്രവണത തലയുയർത്തുന്നത്‌. ആ പണിക്ക്‌ ബിജെപി, കോൺഗ്രസ്‌ നേതാക്കൾ ഇറങ്ങി പുറപ്പെടുന്നത്‌ ഭരണഘടനാവിരുദ്ധവും സ്‌ത്രീ സ്വാതന്ത്ര്യത്തിന്റെ നിഷേധവുമാണ്‌.”

“പ്രായഭേദമന്യേ എല്ലാ സ്‌ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി ചരിത്രപരമാണ്‌. വിധി പ്രായോഗികമാക്കുന്നതിനുള്ള ചുമതല നാടിനു പൊതുവിലുണ്ട്‌. എൽഡിഎഫ്‌ സർക്കാരിനെതിരായ രാഷ്ട്രീയനീക്കത്തിനുള്ള വകയായി സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിയെ മാറ്റാനാകുമോ എന്ന ലാക്ക് യുഡിഎഫിനും ബിജെപിക്കും ഉണ്ട്.”

“സുപ്രീം കോടതി വിധി വന്നത്‌ 12 വർഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ്. എൽഡിഎഫ്‌ സർക്കാരിന്റെ വാദം മാത്രം കേട്ട്‌ രേഖപ്പെടുത്തിയ വിധിയുമല്ല. 2006ലാണ്‌ ഭക്തി പസ്രീജ സേത്തി ഹർജി നൽകിയത്‌. ഹർജിക്കാരുടെ വിശ്വാസ്യത മുതൽ സംസ്ഥാന സർക്കാരുകളുടെ നിലപാട്‌ മാറ്റം വരെ കേസിൽ ചോദ്യം ചെയ്യപ്പെട്ടു. 2007ൽ അന്നത്തെ എൽഡിഎഫ്‌ സർക്കാർ സ്‌ത്രീപ്രവേശനത്തിന്‌ അനുകൂലമായ സത്യവാങ്‌മൂലം നൽകി. ഒരേ മതത്തിൽ വിശ്വസിക്കുന്ന എല്ലാവർക്കും ലിംഗഭേദമന്യേ തുല്യ ആരാധന സ്വാതന്ത്ര്യം ഭരണഘടന അനുശാസിക്കുന്നുണ്ടെന്ന്‌ അതിൽ ചൂണ്ടിക്കാട്ടി.”

“2016ൽ ജസ്റ്റിസ്‌ ദീപക്‌ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിൽ കേസെത്തിയപ്പോൾ അന്നത്തെ ഉമ്മൻചാണ്ടി സർക്കാർ ശബരിമലയിൽ സ്‌ത്രീപ്രവേശനം ആവശ്യമില്ലെന്ന നിലപാട്‌ സ്വീകരിച്ചു. വിഷയം ഭരണഘടനാ ബെഞ്ചിന്‌ വിടണമെന്ന്‌ ദേവസ്വം ബോർഡ്‌ അഭിഭാഷകൻ ആവശ്യപ്പെട്ടു. കേസ്‌ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെത്തി. കേസ്‌ ആ ബെഞ്ച്‌ പരിഗണിച്ചപ്പോൾ ഇപ്പോഴത്തെ എൽഡിഎഫ്‌ സർക്കാർ സ്‌ത്രീവിലക്ക്‌ നീക്കാനുള്ള 2007ലെ നിലപാട്‌ ആവർത്തിച്ചു. എന്നാൽ, യുഡിഎഫ്‌ നിയന്ത്രിത ദേവസ്വം ബോർഡ്‌ ആകട്ടെ പ്രവേശനവിലക്ക്‌ തുടരണം എന്ന നിലപാടിലായിരുന്നു. ഇങ്ങനെ എൽഡിഎഫ്‌-യുഡിഎഫ്‌ സർക്കാരുകളുടെ വ്യത്യസ്ത നിലപാടുകൾ വരെ മനസ്സിലാക്കിയും വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും അമിക്കസ്‌ ക്യൂറിയുടെയും അഭിപ്രായങ്ങൾ പരിശോധിച്ചും ഭരണഘടനപരമായ വിധിയാണ്‌ സുപ്രീം കോടതിയിൽനിന്ന‌് ഉണ്ടായത്‌. സ്‌ത്രീപ്രവേശനത്തിന്‌ കേന്ദ്രസർക്കാരും അനുകൂലമായിരുന്നു. കാലത്തിന്റെ ചുമരെഴുത്ത്‌ വായിക്കുന്നതാണ്‌ സുപ്രീം കോടതിയുടെ ശബരിമല വിധി.”

“സുപ്രീം കോടതി വിധി സ്‌ത്രീസ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നത്‌ മാത്രമല്ല, അനാചാര സമ്പ്രദായങ്ങളുടെ ശിരസ്സ്‌ ഉടയ്‌ക്കുന്നതുമാണ്‌. ഹിന്ദുസ്‌ത്രീകളുടെ സ്വാതന്ത്ര്യത്തിനും സമത്വത്തിനും ഇറങ്ങുന്ന കമ്യൂണിസ്റ്റുകാർ ന്യൂനപക്ഷ സമുദായങ്ങളുടെ സ്‌ത്രീകളുടെ കാര്യങ്ങളിൽ ഇറങ്ങാറില്ലല്ലോ എന്ന അഭിപ്രായം ചില ‘അയ്യപ്പസേവാ സംഘക്കാർ’ പറയുന്നുണ്ട്‌.”

“ക്രിസ്‌ത്യൻ പിന്തുടർച്ചാവകാശ വിഷയത്തിലും ശരിയത്ത്‌ നിയമത്തിന്റെ മറവിലെ ബഹുഭാര്യത്വ പ്രശ്‌നത്തിലും സ്‌ത്രീകളുടെ താൽപ്പര്യം സംരക്ഷിക്കുന്നതിനുള്ള അചഞ്ചലമായ നിലപാടാണ്‌ സിപിഎം സ്വീകരിച്ചത്‌. ശബരിമല സ്‌ത്രീപ്രവേശന കാര്യത്തിൽ കമ്യൂണിസ്റ്റുകാരെയും എൽഡിഎഫ്‌ സർക്കാരിനെയും ഒറ്റതിരിഞ്ഞ്‌ ആക്രമിക്കുന്നതിന്‌ കേരളത്തിലെ ബിജെപി അധ്യക്ഷനും കെപിസിസി ഭാരവാഹികളും ഒരേ സ്വരത്തിലാണ്‌.”

“ആർഎസ്‌എസ്‌ ദേശീയനേതൃത്വമാകട്ടെ ശബരിമല കേസ്‌ കോടതിയിൽ മുന്നോട്ടുപോകുന്ന ഘട്ടത്തിൽ സ്‌ത്രീപ്രവേശന വിലക്കിന്‌ അനുകൂലമായി ഇടപെട്ടില്ല. വിധിയെ ദേശീയ നേതൃത്വം അനുകൂലിച്ചു. വിധി മനോഹരം എന്നാണ്‌ കേന്ദ്രമന്ത്രി മേനക ഗാന്ധി അഭിപ്രായപ്പെട്ടത്‌.”

“കോടതിവിധി നടപ്പാക്കുന്നതിന‌് മാർഗതടസ്സം സൃഷ്ടിക്കുന്നതിനുള്ള പ്രതിഷേധസമര പരിപാടികൾക്ക്‌ ചൂട്ട്‌ കത്തിച്ചുകൊടുക്കുകയാണ്‌ സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. പി.എസ്‌.ശ്രീധരൻ പിള്ള. 12 വർഷം കേസ്‌ നടന്നപ്പോൾ അതിലിടപെടാൻ എത്രയോ അവസരങ്ങൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു. കേന്ദ്ര സർക്കാരിനെ കൊണ്ട് നിലപാട്‌ സ്വീകരിക്കാൻ സമ്മർദം ചെലുത്താമായിരുന്നില്ലേ? ഇനിയും വേണമെങ്കിൽ പുനഃപരിശോധനാ ഹർജി നൽകാമല്ലോ. നിയമവഴികൾ തേടാതെ എൽഡിഎഫ്‌ സർക്കാരിനെതിരെ ഒരു വിഭാഗം അയ്യപ്പഭക്തന്മാരെ സമരത്തിന്‌ ഇറക്കിവിടാനും ശബരിമലയുടെ ശാന്തി തകർക്കാനുമുള്ള നീക്കം വിപൽക്കരമാണ്‌.”

കലക്കവെള്ളത്തിൽ മീൻ പിടിച്ച്‌ രാഷ്ട്രീയനേട്ടം ഉണ്ടാക്കാനുള്ള സങ്കുചിത രാഷ്ട്രീയക്കളിയിൽ സംസ്ഥാനത്തെ കോൺഗ്രസ്‌‐ബിജെപി നേതൃത്വങ്ങൾ കൈകോർക്കുകയാണെന്ന് കോടിയേരി വിമർശിക്കുന്നു. ശബരിമലയുടെ ശാന്തിയും സമാധാനവും തകർക്കാനുള്ള സങ്കുചിത രാഷ്ട്രീയ നീക്കത്തെ പ്രബുദ്ധരായ വിശ്വാസികൾ തള്ളും എന്ന്‌ ഉറപ്പാണെന്നും അദ്ദേഹം ലേഖനത്തിൽ പറയുന്നു.

“സ്‌ത്രീയെ രണ്ടാംതരമാക്കുന്നതിന്‌ അറുതിവരുത്തുന്ന വിധിയാണ്‌ സുപ്രീം കോടതിയിൽനിന്നുവന്നത്‌. ഈ വിധിക്കുമുന്നിൽ പതറുകയല്ല, വിധി നടപ്പാക്കാനുള്ള പ്രായോഗികമാർഗങ്ങൾ ധീരതയോടെ സ്വീകരിക്കാനുള്ള ഇച്ഛാശക്തിയാണ്‌ വേണ്ടത്‌. ഇതാണ്‌ പിണറായി വിജയൻ സർക്കാർ സ്വീകരിക്കുന്നത്‌. ശബരിമല സ്‌ത്രീപ്രവേശനത്തെ ഒരു സംഘർഷ വിഷയമാക്കാനല്ല എല്ലാവരെയും സഹകരിപ്പിച്ച്‌ നടപ്പാക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. പുരുഷന്റെ തുല്യപങ്കാളിയെന്ന നിലയിൽ സ്‌ത്രീയുടെ പദവി മെച്ചപ്പെടുത്താൻകൂടി ഉപകരിക്കുന്നതാണ്‌ ശബരിമല സ്‌ത്രീപ്രവേശനം. സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തം മാത്രമല്ല, നവോത്ഥാനപരമായ കടമയും കേരളസമൂഹത്തിനുണ്ട്‌,” എന്ന് പറഞ്ഞാണ് ലേഖനം അവസാനിപ്പിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.