കണ്ണൂർ: ശബരിമലയെ സമര കേന്ദ്രമാക്കി മാറ്റുന്നതിൽ നിന്നും സംഘപരിവാർ പിന്മാറണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സർക്കാരിന് എതിരായാണ് സമരമെങ്കിൽ ശബരിമലയിൽനിന്നും മാറ്റി സെക്രട്ടറിയേറ്റിന് മുന്നിലാക്കണം. കമ്മ്യൂണിസ്റ്റുകാർക്കെതിരായ സമരമാണെങ്കിൽ തെരുവിൽ കമ്മ്യൂണിസ്റ്റുകാർക്കെതിരായി ആശയപ്രചാരണത്തിന് അവർ തയ്യാറാവണം. ബിജെപിയുടെ ആശയത്തെ എതിർക്കാൻ സിപിഎം തയ്യാറാണ്. ആശയപരമായൊരു സംവാദത്തിന് ശ്രീധരൻപിളളയെ താൻ വെല്ലുവിളിക്കുന്നുവെന്നും കോടിയേരി പറഞ്ഞു.

കോടതിവിധി നടപ്പിലാക്കുകയല്ലാതെ മറ്റെന്താണ് വഴിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ചോദിച്ചിരിക്കുന്നു. ഇത് കേരളത്തിലെ ബിജെപിക്കാരോടുളള ചോദ്യമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി തന്നെ ഇങ്ങനെ ചോദിക്കുമ്പോൾ പിന്നെ എന്തിനാണ് ഇവിടെയൊരു സമരം. ശബരിമലയെ സിപിഎം തകർക്കാൻ ശ്രമിക്കുകയാണെന്നാണ് ശ്രീധരൻ പിളള പറയുന്നത്. ശബരിമലയെ തകർക്കാൻ എന്തു ശ്രമമാണ് കമ്മ്യൂണിസ്റ്റുകാർ നടത്തിയതെന്ന് അദ്ദേഹം പറയണം.

ശബരിമല ആർഎസ്എസ്സിന് പിടിച്ചെടുക്കണം. പല ക്ഷേത്രങ്ങളും ഇങ്ങനെ പിടിച്ചെടുത്തിട്ടുണ്ട്. അവയാണ് ബിജെപി ഇപ്പോൾ സമര കേന്ദ്രങ്ങളാക്കി മാറ്റിക്കൊണ്ടിരിക്കുന്നത്. ശബരിമല പിടിച്ചെടുക്കാൻ കുറേ കാലമായി ആർഎസ്എസ് ശ്രമിക്കുന്നുണ്ട്. ശബരിമലയിൽ പ്രതിഷേധത്തിന് അൻപതിനായിരം വോളന്റിയർമാരെ ആർഎസ്എസ് റെഡിയാക്കി വച്ചിട്ടുണ്ട്. ആർഎസ്എസ് ശാഖകൾ വഴിയാണ് ഇതിനുളള റിക്രൂട്മെന്റ് നടത്തിയിട്ടുളളത്. സോഷ്യൽമീഡിയ വഴിയാണ് ഇവർക്കുളള നിർദ്ദേശം നൽകുന്നത്.

ശബരിമലയിലേക്ക് സ്ത്രീകൾ പോകണമെന്ന് സിപിഎം പറഞ്ഞിട്ടില്ല. സ്ത്രീകൾ പോകണമെന്ന പിടിവാശി സർക്കാർ കാണിച്ചിട്ടില്ല. സ്ത്രീകൾ സ്വമേധയാ വരുന്നെങ്കിൽ അത് തടയാൻ പാടില്ല. എന്നാൽ സംഘപരിവാർ ഇതിന്റെ മറവിൽ കേരളത്തിൽ സംഘർഷം സൃഷ്ടിക്കുകയാണ്. ഇതിന് യുഡിഎഫ് കൂട്ടുനിൽക്കുകയാണ്. ക്രിമിനൽ ആക്ടിവിറ്റി നടത്താൻ വന്നുവെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്തത്. അങ്ങനെ അല്ലാത്തവരെ ആരെയും പൊലീസ് അറസ്റ്റ് ചെയ്യുന്നില്ല.

ശബരിമലയിലേക്ക് പോകാൻ ഭക്തർക്ക് യാതൊരുവിധ തടസ്സവുമില്ല. പമ്പയിലെത്തിയ യുഡിഎഫ് നേതാക്കൾക്ക് ഇന്നു അത് മനസ്സിലായിട്ടുണ്ടാവും. ഇന്നലെ അൽഫോൺസ് കണ്ണന്താനം ഭക്തരോട് ചോദിച്ചപ്പോൾ എന്തെങ്കിലും പ്രശ്നമുളളതായി ഒരു ഭക്തനും പറഞ്ഞതായി റിപ്പോർട്ട് വന്നിട്ടില്ല. അങ്ങനെ എന്തെങ്കിലും പ്രശ്നം അവർക്ക് ഉണ്ടായിരുന്നുവെങ്കിൽ കേന്ദ്രമന്ത്രിയോട് പറയുമായിരുന്നു. ഒരു പരാതിയും കേന്ദ്രമന്ത്രിക്ക് കിട്ടിയില്ല. ഇന്നു യുഡിഎഫ് നേതാക്കന്മാർക്ക് ശബരിമലയിലേക്ക് പോകാൻ അനുവാദം കൊടുത്തു. എന്നിട്ടും അവർ പമ്പ വരെ പോയി തിരിച്ചുവന്നു. എന്തുകൊണ്ടാണ് അവർ ശബരിമലയിലേക്ക് പോകാത്തത്. ശബരിമലയിലേക്ക് പോകരുതെന്ന് അവരോട് ആരെങ്കിലും പറഞ്ഞോ?. ശബരിമലയിൽ ഭക്തർക്ക് പോകാൻ കഴിയില്ലെന്ന് പറഞ്ഞ് പുകമറ സൃഷ്ടിക്കാനായിരുന്നു അവരുടെ സമരം.

സ്ത്രീപ്രവേശനത്തിന് അനുകൂല നിലപാടാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സ്വീകരിച്ചത്. കോൺഗ്രസ് അധ്യക്ഷന്റെ നിലപാടിനെ തളളിക്കൊണ്ടാണ് കേരളത്തിലെ കോൺഗ്രസ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇതിൽ യുഡിഎഫ് നേതൃത്വം ആത്മപരിശോധന നടത്തണം. വിശ്വാസം ആണ് പ്രധാനം എന്നു പറയുന്ന ബിജെപി നിലപാടിനോട് മുസ്‌ലിം ലീഗ് യോജിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണം. നവംബർ 26 ന് ഭരണഘടനാദിനത്തിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കും- കോടിയേരി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.