കോട്ടയം: ലോക്‌സഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിനെ നേരിടാൻ യു ഡിഎഫിനെ  വെല്ലുവിളിവിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

കോട്ടയത്തെ ജനങ്ങൾക്ക് ലോക്‌സഭയിൽ ഒരു പ്രതിനിധി ഇല്ലാതാകുകയാണ് നിലവിലെ എംപിയായ ജോസ് കെ.മാണി രാജ്യസഭയിലേയ്ക്ക് പോകുമ്പോൾ. അവിടെ ജനപ്രതിനിധിയെ ലഭിക്കാൻ ഉപതിരഞ്ഞെടുപ്പ് നടത്താനും നേരിടാനും  യു ഡി എഫ് തയ്യാറാണോ എന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ ചോദ്യം.

ജോസ് കെ.മാണി ലോക്‌സഭാ എംപി സ്ഥാനം ഒരു വർഷം ബാക്കി നിൽക്കെയാണ് ഒഴിയുന്നത്. രാജ്യസഭാ എംപിയായി പോകുമ്പോൾ കോട്ടയത്തിന് ലോക്‌സഭയിൽ പ്രതിനിധിയില്ലാതാകുമെന്ന് മാത്രമല്ല, കോട്ടയത്തിന് ഏഴ് കോടി രൂപയുടെ നഷ്‌ടമുണ്ടാകുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി

കേരളാ കോൺഗ്രസിൽ നിന്നുളള​ ജോസ് കെ.മാണിയാണ് നിലവിൽ കോട്ടയം ലോക്‌സഭാ മണ്ഡലത്തിൽ നിന്നുളള എംപി. കോൺഗ്രസിന്റെ പിന്തുണയോടെ യുഡിഎഫ് സ്ഥാനാർത്ഥിയായിട്ടായിരുന്നു ജോസ് കെ.മാണി ലോക്‌സഭയിലേയ്ക്ക് മൽസരിച്ചത്. പിന്നീടാണ് മാണി യുഡിഎഫിൽ നിന്നും വിട്ടുപോയത്. ഇപ്പോൾ രാജ്യസഭാ സീറ്റുമായാണ് മാണിയുടെ യുഡിഎഫിലേയ്ക്കുളള മടക്കം. ഇങ്ങനെ ലഭിച്ച ​രാജ്യസഭാ സീറ്റിൽ ലോക്‌സഭാംഗമായ ജോസ് കെ.മാണിയാണ് മൽസരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കോടിയേരിയുടെ വെല്ലുവിളിയും വിമർശനവും.

കോൺഗ്രസിനുളളിലെ അധികാര മൽസരമാണ് രാജ്യസഭാ സീറ്റിന്റെ പേരിൽ നടക്കുന്നത്. അതിനാലാണ് ഇടതുപക്ഷം മൂന്നാം സ്ഥാനാർത്ഥിയെ നിർത്താത്തതെന്നും കോടിയേരി പറഞ്ഞു.കോൺഗ്രസിനകത്ത് അരാജകത്വമാണിപ്പോൾ നടമാടുന്നതെന്ന് സി പി എം സെക്രട്ടറി പറഞ്ഞു. യു ഡി എഫിന്റെ നേതൃത്വം മുസ്ലിം ലീഗ് ഏറ്റെടുത്തിരിക്കുന്നു. കോൺഗ്രസ്സുകാർക്ക് സ്ഥാനാർത്ഥിയാകാൻ ഇനി കെ പി സി സി ഓഫീസിൽ പോയിട്ട് കാര്യമില്ല, സ്ഥാനാർത്ഥിത്വം കിട്ടാൻ .പാണക്കാട് പോകേണ്ട അവസ്ഥയാണെന്നും കോടിയേരി പരിഹസിച്ചു

കേരളാ കോൺഗ്രസ് എമ്മിന് രാജ്യസഭാ സീറ്റ് നൽകിയതിനെതിരെ കോൺഗ്രസിനുളളിൽ കലാപം തുടർന്നുകൊണ്ടിരിക്കെയാണ് കോടിയേരി ബാലകൃഷ്ണൻ ഉപതിരഞ്ഞെടുപ്പ് ആവശ്യം മുന്നോട്ട് വയ്‌ക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ