/indian-express-malayalam/media/media_files/uploads/2020/09/Bineesh-and-Kodiyeri.jpg)
തിരുവനന്തപുരം: ബിനീഷ് കോടിയേരിക്കെതിരായ ആരോപണങ്ങൾക്ക് മറുപടി നൽകി കോടിയേരി ബാലകൃഷ്‌ണൻ. ബിനീഷ് കോടിയേരിക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങൾക്ക് ആരോപണവിധേയൻ തന്നെ മറുപടി നൽകിയിട്ടുണ്ടെന്ന് കോടിയേരി പറഞ്ഞു. ബെംഗളൂരു ലഹരി മരുന്ന് കേസ് കേന്ദ്ര ഏജൻസിയാണ് അന്വേഷിക്കുന്നത്. ബിനീഷിനെതിരെ എന്തെങ്കിലും തെളിവുണ്ടെങ്കിൽ പ്രതിപക്ഷ നേതാവ് എത്രയും വേഗം അത് അന്വേഷണ സംഘത്തെ ഏൽപ്പിക്കണം. തെളിവ് വേഗം നൽകി അന്വേഷണ സംഘത്തെ സഹായിക്കുകയാണ് ഉത്തരവാദിത്തപ്പെട്ട രാഷ്‌ട്രീയ പ്രവർത്തകൻ എന്ന നിലയിൽ ചെയ്യേണ്ടതെന്നും കോടിയേരി പറഞ്ഞു.
Read Also: യൂത്ത് കോൺഗ്രസ് നേതാവിന്റെ വീട് ആക്രമിച്ചത് മകൻ, സിപിഎം അല്ല; അന്വേഷണത്തിൽ ട്വിസ്റ്റ്
"ബിനീഷ് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളിയായിട്ടുണ്ടെങ്കിൽ നിയമ നടപടി സ്വീകരിക്കണം. ശിക്ഷിക്കേണ്ടതാണെങ്കിൽ ശിക്ഷിക്കട്ടെ. ആരും സംരക്ഷിക്കാൻ പോകുന്നില്ല. ഇതെല്ലാം ഉപയോഗിച്ച് സർക്കാർ പ്രവർത്തനങ്ങൾ വക്രീകരിക്കാനാണ് ശ്രമമെങ്കിൽ അതിനെല്ലാം അൽപ്പായുസേ കാണൂ. സ്വർണക്കടത്ത് കേസിലും ഇതു തന്നെയാണ് സംഭവിച്ചത്. സിപിഎമ്മിനെതിരെ പുകമറ സൃഷ്ടിച്ചു. അവസാനം കേസിൽ അറസ്റ്റിലായവരിൽ ഭൂരിഭാഗം പേരും യുഡിഎഫ്-ബിജെപി പ്രവർത്തകരാണ്. പുകമറ സൃഷ്ടിച്ച് മുതലെടുപ്പ് നടത്താൻ ശ്രമിക്കരുത്," കോടിയേരി പറഞ്ഞു.
"ഇത്തരം ഒരു നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ മക്കൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ഏതെങ്കിലും രക്ഷിതാവ് സംരക്ഷിക്കുമോ? ബിനീഷിനെ തൂക്കിക്കൊല്ലേണ്ടതാണെങ്കിൽ തൂക്കിക്കൊല്ലട്ടെ. കുറ്റക്കാരെ സംരക്ഷിക്കാൻ പോകുന്നില്ല. ഇല്ലാത്ത കഥകൾകൊണ്ട് പുകമറ സൃഷ്ടിച്ച് മാനസികമായി തകർക്കാനാണ് ശ്രമമെങ്കിൽ ഇതുകൊണ്ടൊന്നും തളരില്ല. നിങ്ങളുടെ വിചാരണയും പരിശോധനയും നടക്കട്ടെ" കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.