തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ ഹർത്താലിൽ അരങ്ങേറിയ അക്രമസംഭവങ്ങളെ വിമർശിച്ച് സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത് ബോധപൂര്‍വമാണെന്നും അത് സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങള്‍ക്കെതിരായ യുദ്ധമാണിതെന്നും അദ്ദേഹം ആരോപിച്ചു.

ഹര്‍ത്താലില്‍ സിപിഎമ്മിന്റെ 20 ഓഫിസുകൾ അക്രമണകാരികൾ തകർത്തതായി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ആക്രമണം നടത്താൻ കല്ല് മാത്രമല്ല ബോംബും ഉപയോഗിച്ചു. ക്രമസമാധാനം പാലിക്കാന്‍ നിയോഗിക്കപ്പെട്ട പോലീസുകാരെ ആക്രമിക്കുന്നു. പോലീസുകാരുടെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

സ്ത്രീകൾക്ക് എതിരെയായിരുന്നു വ്യാപക ആക്രമണം. ബിജെപിയും ആര്‍എസ്എസും സ്ത്രീകളെ പേടിച്ചുതുടങ്ങി. സ്ത്രീകളെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാനും സ്ത്രീ സമൂഹത്തിന്റെ നവോത്ഥാന മുന്നേറ്റം തടയാനുമാണ് ശ്രമം നടക്കുന്നത്.

ആര്‍എസ്എസ് നടത്തുന്ന പ്രഖ്യാപനങ്ങളൊന്നും കേരളത്തില്‍ നടപ്പിലാകാന്‍ പോകുന്നില്ലെന്നും അതിനുള്ള തെളിവാണ് രണ്ട് യുവതികള്‍ക്ക് ശബരിമലയിൽ ദര്‍ശനം നടത്താന്‍ സാധിച്ചുവെന്നതെന്നും കോടിയേരി പറഞ്ഞു. ആർഎസ്എസ് ഇളക്കിവിട്ട വര്‍ഗീയ ഭ്രാന്ത് അവര്‍ക്ക് തന്നെ തിരിച്ചടിയായിരിക്കുകയാണ്. ആ ജാള്യം മറയ്ക്കാനാണ്‌ ഇപ്പോള്‍ അക്രമത്തിലേക്കും അരാജകത്വത്തിലേക്കും കേരളത്തെ കൊണ്ടുപോകാന്‍ അവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ