തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുൻ ഐടി സെക്രട്ടറി ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ സിപിഎമ്മിനെയും സർക്കാരിനെയും ബാധിക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ. ശിവശങ്കരനെതിരെ നടക്കുന്നത് വ്യക്തിപരമായ അന്വേഷണമാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍ഐഎ ശിവശങ്കറിനെതിരെ എടുക്കുന്ന എന്തുനടപടിയും വ്യക്തിയെ മാത്രമേ ബാധിക്കൂ. എന്‍ഐഎയ്ക്ക് എവിടെ വേണമെങ്കിലും അന്വേഷിക്കാമെന്നും ആരും തടസപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സ്വർണക്കടത്ത് കേസിൽ സർക്കാരിനെതിരെ കടന്നാക്രമിക്കുന്ന രമേശ് ചെന്നിത്തലയുടെ വാദങ്ങളോടും അദ്ദേഹം പ്രതികരിച്ചു. രമേശ് ചെന്നിത്തല കേരളത്തിലെ ആര്‍എസ്എസിന് പ്രിയപ്പെട്ട നേതാവായെന്ന് കോടിയേരി പറഞ്ഞു. ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും അല്ലാത്ത ഒരാള്‍ മുഖ്യമന്ത്രിയാകുകയാണ് ആര്‍എസ്എസ് താല്‍പര്യം. കോണ്‍ഗ്രസുകാര്‍ ആര്‍എസ്എസ് അജന്‍ഡ തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: പാലത്തായി പീഡനക്കേസ് എസ്‌ഡിപിഐ അട്ടിമറിച്ചു: പി.ജയരാജൻ
പ്രതിപക്ഷം കോവിഡ് ജാഗ്രത അട്ടിമറിച്ചുവെന്ന് ആരോപിച്ച കോടിയേരി സമൂഹത്തിന്റെ ജാഗ്രത നഷ്ടപ്പെടാന്‍ പ്രതിപക്ഷസമരങ്ങള്‍ ഇടയാക്കിയെന്നും കുറ്റപ്പെടുത്തി. മുതിര്‍ന്ന പ്രതിപക്ഷനേതാക്കള്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് സമരം നടത്തി. . ആയിരം നുണകള്‍ ഒരേസമയം പ്രചരിപ്പിച്ച് ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്നും കോടിയേരി പറഞ്ഞു.
Also Read: മുഖ്യമന്ത്രിക്ക് മാന്യമായി രാജിവയ്‌ക്കാനുള്ള അവസാന അവസരമാണിത്: ചെന്നിത്തല
“കേരളത്തിൽ കോവിഡ് രോഗബാധിതരുടെ എണ്ണം വർധിച്ച് വരികയാണ്. സമീപ ദിവസങ്ങളിൽ രോഗബാധിതരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായി. ഇത് കണക്കിലെടുത്ത് സിപിഎമ്മിന്‍റെ പ്രവർത്തകർ മാതൃകാപരമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്നതിന് കാരണം സാമൂഹ്യ അകലം പാലിക്കുന്നതിലുള്ള വീഴ്ചയാണ്. ഇതിൽ നമ്മളോരോരുത്തരം ഇക്കാര്യത്തിൽ മാതൃക കാണിക്കേണ്ടതുണ്ട്. സാമൂഹ്യ അകലം പാലിക്കുകയും, ആരോഗ്യവകുപ്പ് നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യണം.”
പേഴ്സണല്‍ സ്റ്റാഫിന്റെ യോഗത്തില്‍ തെറ്റില്ലെന്നും കോടിയേരി വിശദീകരിച്ചു. മന്ത്രിമാരുടെ സ്റ്റാഫിലെ സിപിഎം അംഗങ്ങളുടെ യോഗമാണ് വിളിച്ചത്. ആറുമാസം കൂടുമ്പോള്‍ ഇത്തരം യോഗങ്ങള്‍ വിളിക്കാറുണ്ടെന്നും ആരോപണത്തില്‍ കഴമ്പില്ലെന്നും കോടിയേരി വ്യക്തമാക്കി.