തിരുവനന്തപുരം: മുസ്‌ലിം ലീഗിനെതിരെ നിലപാട് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. തുർക്കിയിലെ ഹാഗിയ സോഫിയ മ്യൂസിയം മുസ്‌ലിം പള്ളിയാക്കി മാറ്റിയതിനെ കേരളത്തിൽ മുസ്‌ലിം ലീഗ് സ്വാഗതം ചെയ്‌തതാണ് വിമർശനങ്ങൾക്കു കാരണം. തുർക്കി ഭരണകൂടത്തിന്റെ നിലപാടിനെ കലർപ്പില്ലാതെ പിന്തുണയ്‌ക്കുന്ന സംഘടനയാണ് ജമാത്തെ ഇസ്‌ലാമി. ഹാഗിയ സോഫിയ മ്യൂസിയം മുസ്‌ലിം പള്ളിയാക്കിയ തുർക്കി ഭരണാധികാരിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നതിലൂടെ മുസ്‌ലിം ലീഗ് ജമാത്തെ ഇസ്‌ലാമിയെ പിന്തുണയ്‌ക്കുകയാണെന്നും കോടിയേരി ആരോപിച്ചു. ഫെയ്‌സ്‌ബുക്ക് പോസ്റ്റിലൂടെയാണ് കോടിയേരിയുടെ വിമർശനം. ജമാത്തെ ഇസ്ലാമി, എസ്‌ഡിപിഐ തുടങ്ങി തീവ്രനിലപാടുള്ള സംഘടനകളുമായി മുസ്‌ലിം ലീഗിനു രഹസ്യബാന്ധവമുണ്ടെന്ന് കോടിയേരി നേരത്തെ ആരോപിച്ചിരുന്നു.

കോടിയേരിയുടെ കുറിപ്പ്, പൂർണരൂപം

തുർക്കിയിലെ ഹാഗിയ സോഫിയ മ്യൂസിയം തുർക്കി ഭരണാധികാരി മുസ്‌ലിം പളളിയാക്കി മാറ്റിയിരിക്കയാണ്. ഈ നടപടിയെ ന്യായീകരിച്ചു കൊണ്ട് മുസ്‌ലിം ലീഗ് നേതാവ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ‘ചന്ദ്രിക’ പത്രത്തിൽ ഒരു ലേഖനമെഴുതുകയും ചെയ്തു.

ജമാത്തെ ഇസ്‌ലാമി, തുർക്കി ഭരണകൂടത്തിന്റെ നിലപാടിനെ കലർപ്പില്ലാതെ പിന്തുണക്കുന്ന സംഘടനയാണ്. മുസ്‌ലിം ലീഗിന്റെ സമുന്നതനായ നേതാവ് ജമാത്തെ ഇസ്‌ലാമിയുടെ നിലപാടിലൂന്നി ലേഖനമെഴുതിയ സാഹചര്യത്തിൽ, മുസ്‌ലിം ലീഗും ജമാത്തെ ഇസ്‌ലാമിയും തമ്മിലുള്ള ബന്ധം ജനങ്ങൾക്ക് വ്യക്തമായിരിക്കുകയാണ്. ആശയപരമായി തന്നെ മുസ്‌ലിം ലീഗം ജമാത്തെ ഇസ്‌ലാമിയും തമ്മിൽ യോജിപ്പിലാണെന്നും ഇതിലൂടെ മനസിലാക്കാനാവുന്നു.

Read Also: സൂപ്പർസ്റ്റാറിന് ജന്മദിനാശംസകൾ; ദുൽഖറിനു ആശംസകളുമായി റെയ്‌ന

ജമാത്തെ ഇസ്‌ലാമിയുമായും എസ്‌ഡിപിഐയുമായി മുന്നണി ബാന്ധവം ഉണ്ടാക്കാനാണ് മുസ്‌ലിം ലീഗും കോൺഗ്രസും തീരുമാനിച്ചിട്ടുള്ളത്. തുർക്കി ഭരണാധികാരിയുടെ നടപടിയെ അംഗീകരിക്കുന്ന മുസ്‌ലിം ലീഗ് സമീപനത്തോട് കോൺഗ്രസിന്റെ നിലപാടെന്താണ്?

ബാബറി മസ്‌ജിദ് പൊളിച്ച് അവിടെ രാമക്ഷേത്രം നിർമിക്കാൻ രംഗത്ത് വന്നിരിക്കുന്ന ബിജെപി ഗവൺമെന്റിന്റെ നിലപാടിനെ മുസ്‌ലിം ലീഗിന് ഈ പശ്ചാത്തലത്തിൽ എങ്ങിനെയാണ് എതിർക്കാൻ സാധിക്കുക? ഇത്തരം ചോദ്യങ്ങളെല്ലാം ഇന്ന് ഉയർന്നുവന്നിരിക്കുകയാണ്. ഈ വിഷയത്തിൽ യുഡിഎഫിന്റെ നിലപാട് വ്യക്തമാക്കാൻ തയ്യാറാവണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.