തിരുവനന്തപുരം: സിപിഎം പൊലീസും കോടതിയുമാണെന്ന വനിതാ കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈന്റെ പരാമർശത്തെ തള്ളി പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എല്ലാവരും നിയമത്തിന് വിധേയരാണെന്നും പൊലീസിനും കോടതിക്കും സമാന്തരമല്ല പാര്‍ട്ടി സംവിധാനമെന്നും പാര്‍ട്ടിക്കുള്ളിലെ പരാതിയാണ് പാര്‍ട്ടി പരിശോധിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

സിപിഎം നേതാവ് പി.കെ.ശശിക്കെതിരായ ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയവേയാണ് സിപിഎം പൊലീസും കോടതിയുമാണെന്ന വനിതാ കമ്മീഷൻ അധ്യക്ഷയുടെ പരാമർശം. പി.കെ.ശശിക്കെതിരെ കേസെടുത്തെങ്കിലും പരാതിക്കാരിയുടെ കുടുംബം പാര്‍ട്ടി അന്വേഷണം മതിയെന്ന് പറഞ്ഞിരുന്നതായും ജോസഫൈന്‍ പറഞ്ഞു.

Read More: പാർട്ടി തന്നെ കോടതിയും പൊലീസ് സ്റ്റേഷനും: വനിതാ കമ്മീഷൻ അധ്യക്ഷയുടെ പരാമർശം വിവാദത്തിൽ

“ഞാന്‍ പാര്‍ട്ടിയിലൂടെ വളര്‍ന്നയാളാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ് ഇക്കാര്യങ്ങളില്‍ കര്‍ശനമായി നടപടിയെടുക്കുന്നത് പോലെ മറ്റൊരു പാര്‍ട്ടിയും നടപടിയെടുക്കില്ല. സംഘടനാപരമായി തീരുമാനമെടുത്താല്‍ മതിയെന്ന് ആ കുടുംബം തന്നോട് പറഞ്ഞിരുന്നു. അവര്‍ പാര്‍ട്ടിയില്‍ വിശ്വസിക്കുന്നു. പാര്‍ട്ടി ഒരു കോടതിയും കൂടിയാണ്. പൊലീസ് സ്‌റ്റേഷനുമാണ്. ഒരു നേതാവിനോടും അക്കാര്യത്തില്‍ ഞങ്ങള്‍ വിട്ടുവീഴ്ച ചെയ്യില്ല,” ജോസഫൈന്‍ പറഞ്ഞു.

തിരുവനന്തപുരം കൂട്ട ബലാത്സംഗക്കേസിൽ തെളിവെടുപ്പിനെത്തിയതായിരുന്നു വനിതാ കമ്മീഷൻ അധ്യക്ഷ. പീഡിപ്പിക്കപ്പെട്ട യുവതിയെ വനിതാ കമ്മീഷൻ അധ്യക്ഷ സന്ദർശിച്ചിരുന്നു. ഭയാനകമായ സംഭവമാണ് നടന്നതെന്നും പ്രതികൾക്കെതിരേ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും അവർ പറഞ്ഞു. തിരുവനന്തപുരം റൂറൽ എസ്‌പിയോട് കേസിന്റെ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു. സംഭവത്തിൽ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.