തിരുവനന്തപുരം: തിരുവനന്തപുരത്ത് സിപിഎമ്മും ബിജെപിയും തമ്മിൽ നേർക്കുനേർ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഗവർണ്ണറുടെ നിലപാടിനെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാനത്തിന്റെ ക്രമസമാധാന പാലനം സർക്കാർ വിഷയമാണെന്നും ഇക്കാര്യത്തിൽ മറ്റാരും തലയിടേണ്ടതില്ലെന്നും കോടിയേരി.

“ഭരണഘടനാപരമായി ഗവർണർ​ എന്നത് ഒരു ആലങ്കാരിക പദവിയാണ്. എന്നാൽ സംസ്ഥാനത്തിന്റെ സുരക്ഷ കാര്യത്തിൽ ഗവർണർ പി.സദാശിവം കാണിച്ച പ്രത്യേക ശ്രദ്ധ പരിഗണിച്ചാണ് അദ്ദേഹം ക്ഷണിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിലേക്ക് പോയത്”, കോടിയേരി പറഞ്ഞു.

ദേശീഭിമാനിയിൽ എഡിറ്റ് പേജിലെ ലേഖനത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വിമർശനം. “ക്രമസമാധാന പാലന വിഷയത്തിൽ ഉപദേശകന്റെ റോൾ മാത്രമാണ് ഗവർണർക്ക്. വിഷയത്തിൽ ഗവർണർ വിളിച്ചിട്ട് മുഖ്യമന്ത്രി പോകാതിരുന്നെങ്കിൽ അത് വലിയ വിവാദമായേനെ. എന്നാൽ മുഖ്യമന്ത്രി പോവുകയും സൗഹാർദ്ദപരമായ കൂടിക്കാഴ്ച നടത്തുകയും ചെയ്തു,” സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

“കൂടിക്കാഴ്ചയ്ക്ക് ശേഷം ഗവർണർ ട്വിറ്ററിൽ നടത്തിയ പരാമർശം ജനാധിപത്യ വിരുദ്ധവും ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളിയുമാണ്. ഇത്തരമൊന്ന് ഗവർണർ ഒഴിവാക്കേണ്ടതായിരുന്നു.” കോടിയേരി ചൂണ്ടിക്കാട്ടി.

“കേരളത്തിൽ ബിജെെപിയും ആർഎസ്എസും പതിറ്റാണ്ടുകളായി അക്രമം നടത്തുന്നുണ്ട്. വർഗ്ഗീയ കലാപത്തിലൂടെ സംഘപരിവാർ സംഘടനകളെ കേരളത്തിൽ വളർത്താനുള്ള ബിജെപിയുടെ പരിശ്രമങ്ങളെ വീറോടെ ചെറുത്തുനിൽക്കുന്നത് സിപിഎം ആണ്. സിപിഎമ്മിനെയും ആർഎസ്എസിനെയും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളായി വെള്ള പൂശുന്നത് കൊടിയ പാതകമാണെന്നും” കോടിയേരി പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ