തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജേക്കബ് തോമസ് ആര്‍എസ്എസുകാരനാണെന്ന് കോടിയേരി പറഞ്ഞു. ആര്‍എസ്എസുകാരനെ എങ്ങനെ ഡിജിപി സ്ഥാനത്ത് ഇരുത്താന്‍ സാധിക്കും. ഇക്കാര്യം സര്‍ക്കാര്‍ ആലോചിക്കണം. തുടര്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകണമെന്നും കോടിയേരി പറഞ്ഞു.

ജേക്കബ് തോമസിനെ എത്രയും പെട്ടെന്ന് തിരിച്ചെടുക്കണമെന്ന് ട്രിബ്യൂണൽ ഉത്തരവിലുണ്ട്. ട്രിബ്യൂണൽ എറണാകുളം ബഞ്ചാണ് ഉത്തരവിട്ടത്. കേരള കാഡറിലുള്ള ഏറ്റവും സീനിയറായ ഐപിഎസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. 2017 ഡിസംബര്‍ മുതലാണ് ജേക്കബ് തോമസ് സസ്‌പെന്‍ഷനിലായത്.

കാരണം പറയാതെ സർവീസിൽ നിന്ന് മാറ്റി നിർത്തിയ സർക്കാർ നടപടിയെ ചോദ്യം ചെയ്താണ് ജേക്കബ് തോമസ് ട്രിബ്യൂണലിനെ സമീപിച്ചത്. തുടർച്ചയായുള്ള സസ്പെൻഷൻ നിയമവിരുദ്ധമാണെന്ന് ട്രിബ്യൂണൽ ഉത്തരവിൽ പറയുന്നു. യോഗ്യതയ്ക്ക് തുല്യമായ പദവി നൽകണമെന്ന് ട്രിബ്യൂണൽ ബഞ്ച് ഉത്തരവിട്ടിട്ടുണ്ട്. 1985 ബാച്ചുകാരനായ ജേക്കബ് തോമസിന് ഒന്നര വര്‍ഷത്തെ സര്‍വീസ് ഇനിയും ബാക്കിയുണ്ട്. ഓഖി ദുരിതാശ്വാസത്തിന്റെ പേരില്‍ സര്‍ക്കാരിനെതിരെ സംസാരിച്ചതിനെ തുടര്‍ന്നാണ് ജേക്കബ് തോമസിനെ ആദ്യം സസ്‌പെന്‍ഡ് ചെയ്തത്.

Read Also: മുസ്ലീം ഡെലിവറി ബോയ് തരുന്ന ഭക്ഷണം വേണ്ട; ഹൃദയം കവരുന്ന മറുപടിയുമായി സൊമാറ്റോ

നീതിന്യായ വ്യവസ്ഥ സുദൃഢമാണെന്ന് ട്രിബ്യൂണലിന്റെ ഉത്തരവിന് ശേഷം ജേക്കബ് തോമസ് പ്രതികരിച്ചു. സർക്കാർ വകുപ്പിലുള്ളവർ അഴിമതി തുറന്നു പറയണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സ്വയം വിരമിക്കലിനും ജേക്കബ് തോമസ് അപേക്ഷ നൽകിയിട്ടുണ്ട്. ഇനി രാഷ്ട്രീയത്തിലേക്ക് എന്ന സൂചനയാണ് ജേക്കബ് തോമസ് നൽകുന്നത്. ഡൽഹിയിൽ പോയി ചില ബിജെപി നേതാക്കളെ ജേക്കബ് തോമസ് കണ്ടിരുന്നു. അതുകൂടാതെ ആർഎസ്എസ് പരിപാടിയിലും ജേക്കബ് തോമസ് പങ്കെടുത്തിട്ടുണ്ട്. ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കാനാണ് ജേക്കബ് തോമസ് സ്വയം വിരമിക്കൽ അപേക്ഷ നൽകിയതെന്നാണ് സൂചന.

ഗുരുവായൂരിലെ രാഷ്ട്രീയ കൊലപാതകത്തിലും കോടിയേരി പ്രതികരിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് അപലപനീയമാണ്. ആര്‍എസ്എസും എസ്ഡിപിഐയും ഒരേ നാണയത്തിന്റെ ഇരു വശങ്ങളാണെന്നും കോടിയേരി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.