തിരുവനന്തപുരം: തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജി വച്ചത് തങ്ങളുടെ സമ്മർദ്ദം മൂലമാണെന്ന് വരുത്തി തീർക്കാനാണ് സിപിഐ ശ്രമിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുന്നണി മര്യാദകളുടെ ലംഘനമാണ് ഇതെന്ന് വിമർശിച്ച സിപിഎം സംസ്ഥാന സെക്രട്ടറി, ശത്രുക്കൾക്ക് ആയുധമാകാനാണ് ഇത് വഴിയൊരുക്കിയതെന്നും വിമർശിച്ചു.

മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാതെ സിപിഐ മന്ത്രിമാർ പ്രതിഷേധിച്ചതാണ് കോടിയേരി വിമർശിച്ചത്. സിപിഐക്ക് തങ്ങളുടെ നിലപാട് മുഖ്യമന്ത്രിയോട് പറയാമായിരുന്നു. ഡൽഹിക്ക് പോകാനിരുന്ന തോമസ് ചാണ്ടിയെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി സ്വീകരിച്ച നിലപാട് എന്തെന്ന് അറിയുന്നതിന് മുൻപ് പ്രതിഷേധിച്ചത് ന്യായീകരിക്കാൻ സാധിക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വിശദീകരിച്ചു.

“ഒരു മുന്നണിയിൽ ഇത്തരം നിലപാടുകളാണോ സ്വീകരിക്കേണ്ടത് എന്ന് സിപിഐ നേതൃത്വം ആലോചിക്കേണ്ടതാണ്. തോമസ് ചാണ്ടിയുടെ വിഷയത്തിൽ എൽഡിഎഫ് നേതൃത്വം തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടിരുന്നു. ഈ ശ്രമം നടക്കുന്നതിനിടയിലാണ് മന്ത്രിസഭ യോഗത്തിൽ നിന്ന് സിപിഐ അംഗങ്ങൾ വിട്ടു നിന്നത്. ശത്രുപക്ഷത്തുള്ളവർക്ക് ആഹ്ലാദിക്കാനാണ് ഈ നടപടി സഹായകരമായത്.”

“തോമസ് ചാണ്ടിയുടെ ഹർജി ഹൈക്കോടതി തള്ളിയ ദിവസം വൈകുന്നേരം തന്നെ എൻസിപി സംസ്ഥാന പ്രസിഡന്റിനോടും മന്ത്രി തോമസ് ചാണ്ടിയോടും തന്നെ വന്ന് കാണാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. എറണാകുളത്തായതിനാൽ രാവിലെ മാത്രമേ തിരുവനന്തപുരത്ത് എത്തിച്ചേരാൻ കഴിയൂ എന്നാണ് രണ്ട് നേതാക്കളും മുഖ്യമന്ത്രിയെ അറിയിച്ചത്.”

“മന്ത്രിസഭാ യോഗത്തിന് മുൻപ് കാണണം എന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് ഡൽഹിക്ക് പോകാനിരുന്ന തോമസ് ചാണ്ടി തിരുവനന്തപുരത്ത് എത്തിയത്. രാവിലെ ഇരുവരുമായും നടത്തിയ കൂടിക്കാഴ്ചയിൽ രാജിയാണ് ഉചിതമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. എൻസിപി അഖിലേന്ത്യ നേതൃത്വവുമായി ബന്ധപ്പെട്ട് 10.30 ന് ശേഷം നിലപാട് അറിയിക്കാമെന്നാണ് എൻസിപി നേതൃത്വം മുഖ്യമന്ത്രിയ്ക്ക് ഉറപ്പുനൽകിയത്.”

“ഈ സമയത്താണ് തോമസ് ചാണ്ടി പങ്കെടുക്കുന്നത് കൊണ്ട് തങ്ങൾ മാറിനിൽക്കുന്നതായി സിപിഐ മന്ത്രിമാർ കത്തിലൂടെ അറിയിച്ചത്. അങ്ങിനെ ഒരു നിലപാട് സിപിഐ മന്ത്രിമാർക്ക് ഉണ്ടെങ്കിൽ ഇക്കാര്യം മുന്നണി നേതൃത്വത്തെയും മുഖ്യമന്ത്രിയെയും നേരിട്ട് അറിയിക്കാമായിരുന്നു. അങ്ങിനെയൊരു നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ രാഷ്ട്രീയ നിലപാട് സ്വീകരിക്കാമായിരുന്നു. അത്തരമൊരു നിലപാട് ഉണ്ടാകുന്നത് വരെ മന്ത്രിസഭാ യോഗം തത്കാലം മാറ്റിവയ്ക്കണമെന്ന നിലപാടല്ല സിപിഐ സ്വീകരിച്ചത്. രാഷ്ട്രീയ തീരുമാനത്തിലേക്ക് എത്തിച്ചേരാനുള്ള അവസരം ഒഴിവാക്കിക്കൊണ്ട് മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിന്ന നടപടി അപക്വമായിരുന്നു”, കോടിയേരി പറഞ്ഞു.

“ഏതാനും നിമിഷങ്ങൾക്കുള്ളിൽ മന്ത്രി രാജിവയ്ക്കുമ്പോൾ തങ്ങളുടെ നിലപാട് കൊണ്ടാണ് മന്ത്രി രാജിവച്ചതെന്ന് വരുത്തി തീർക്കാനാണ് സിപിഐ ശ്രമിച്ചതെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ല. ഇത് മുന്നണി മര്യാദയ്ക്ക് യോജിച്ചതല്ല. സർക്കാരായി പ്രവർത്തിക്കുമ്പോൾ കൈയ്യടികളും വിമർശനങ്ങളും ഉണ്ടാകും. കൈയ്യടികൾ മാത്രം ഏറ്റുവാങ്ങിക്കൊള്ളാമെന്നും വിമർശനം മറ്റുള്ളവർ ഏറ്റുവാങ്ങട്ടേയെന്നുമുള്ള നടപടി മുന്നണി മര്യാദകൾക്ക് യോജിച്ചതല്ല.”

“തോമസ് ചാണ്ടിക്കെതിരായ കുറ്റങ്ങൾ അദ്ദേഹം മന്ത്രിസ്ഥാനത്ത് എത്തുന്നതിന് വളരെ മുൻപ് നടന്നതാണ്. ഏതുതരം ആരോപണങ്ങൾ ഉയർന്നുവന്നാലും പരിശോധിച്ച് നിയമാനുസൃത നിലപാട് സ്വീകരിക്കുന്ന മുന്നണിയാണ് എൽഡിഎഫ്. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം യാതൊരു വിധ നിയമലംഘനങ്ങളെയും പ്രോത്സാഹിപ്പിച്ചിട്ടില്ല.”-കോടിയേരി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.