തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിയേറ്റിലുണ്ടായ തീപിടിത്തത്തിൽ കോൺഗ്രസും ബിജെപിയും നടത്തിയ പ്രതിഷേധ പ്രകടനങ്ങളെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അവിശ്വാസ പ്രമേയം ദയനീയമായി പരാജയപ്പെടുകയും യുഡിഎഫിനകത്ത്‌ വിള്ളല്‍വീഴുകയും ചെയ്‌തതിന്റെ ജാള്യം മറച്ചുവക്കാനാണ്‌, സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ സെക്ഷനിലുണ്ടായ തീപിടിത്ത സംഭവത്തെ ഉപയോഗിച്ച്‌ ബിജെപിയും കോണ്‍ഗ്രസും കലാപത്തിന്‌ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

“സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസിലുണ്ടായ അഗ്നിബാധയെ തുടര്‍ന്ന്‌ ബിജെപിയും കോണ്‍ഗ്രസും സംയുക്തമായി കലാപത്തിന്‌ വേണ്ടി ശ്രമിക്കുന്നുവെന്നത്‌ ഗൗരവമുള്ള കാര്യമാണ്‌. ബി ജെ പി സംസ്ഥാന പ്രസിഡന്റ്‌ കെ.സുരേന്ദ്രനും പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയും വളരെ പെട്ടെന്ന്‌ തന്നെ അവിടെ എത്തിച്ചേരുകയും കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയുമാണ്‌ ചെയ്‌തത്‌.”

ചില പേപ്പറുകൾ മാത്രമാണ് കത്തിപ്പോയതെന്ന് വ്യക്തമാക്കിയിട്ടും കള്ളക്കഥ മെനഞ്ഞെടുക്കാനാണ് ഇവർ ശ്രമിച്ചതെന്നും കോടിയേരി പറഞ്ഞു. ഇപ്പോള്‍ സെക്രട്ടേറിയറ്റിലെ പ്രധാനപ്പെട്ട ഫയലുകളെല്ലാം ഇ-ഫയല്‍ സംവിധാനത്തിലായതുകൊണ്ട്‌ ഏതെങ്കിലും ചില കടലാസുകള്‍ കത്തിയാല്‍ പോലും സുപ്രധാനമായ ഒരു രേഖയും നഷ്ടപ്പെടുകയില്ല. ഈ കാര്യം അറിഞ്ഞുകൊണ്ടുതന്നെയാണ്‌ നുണപ്രചാരണത്തിനും കലാപത്തിനും വേണ്ടി പ്രതിപക്ഷം ഇറങ്ങി തിരിച്ചിട്ടുള്ളതെന്നും കോടിയേരി വ്യക്തമാക്കി.

കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നേതാക്കന്മാര്‍ വാര്‍ത്ത പുറത്തുവന്ന നിമിഷം തന്നെ സംഭവസ്ഥലത്ത്‌ എത്തിചേര്‍ന്നത്‌ സംശയാസ്‌പദമാണ്. ഇത്തരത്തിലുള്ള ഏത്‌ സംഭവത്തെ ഉപയോഗിച്ചുകൊണ്ടും കലാപം സൃഷ്ടിക്കുക എന്നതാണ്‌ യു ഡി എഫിന്റെയും ബി ജെ പിയുടെയും ലക്ഷ്യം. കോവിഡ്‌ മാനദണ്ഡങ്ങളെല്ലാം ലംഘിച്ചുകൊണ്ടാണ്‌ ഇവര്‍ ഒത്തുചേര്‍ന്ന്‌ ആക്രമണങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെയും ബിജെപി നേതാക്കളുടെയും ഇടപെടല്‍ കൂടി പരിശോധിക്കണം. സെക്രട്ടേറിയറ്റില്‍ കയറി ആക്രമണം നടത്തിയവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടി സ്വീകരിക്കണം. നിയമസഭയില്‍ പരാജയപ്പെട്ടതിന്റെ രോഷം തീര്‍ക്കാന്‍ ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്നത്‌ ജനാധിപത്യത്തിന്‌ തന്നെ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.