തിരുവന്തപുരം: കേരള കോൺഗ്രസ് ഇല്ലാത്ത യുഡിഎഫ് ദുർബലമാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. യുഡിഎഫിന്റെ സംഘടനാപരമായും രാഷ്ട്രീയപരമായുമുളള കെട്ടുറപ്പ് തകര്‍ന്നെന്നും ഇത് യുഡിഎഫിന്റെ തകര്‍ച്ചയ്ക്ക് വേഗത കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. പുന്നപ്ര – വയലാര്‍ സമര നായകനായ പി.കെ.ചന്ദ്രാനന്ദനെ അനുസ്മരിച്ച് ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് യുഡിഎഫിനെതിരായ കോടിയേരിയുടെ വിമർശനം.

Read More: പാര്‍ട്ടിയേയും വീടിനേയും ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചത് തടഞ്ഞതാണോ എന്റെ കുറ്റം?: ജോസ് കെ.മാണി

“കേരള കോൺഗ്രസിലെ ജോസ് കെ.മാണി, പി.ജെ.ജോസഫ് തമ്മിലുള്ള തർക്കങ്ങൾ ഇടപെട്ട് പരിഹരിക്കുന്നതിൽ കോൺഗ്രസ്‌ നേതൃത്വം പരാജയപ്പെട്ടുവെന്നതാണ് ഒടുവിലത്തെ സംഭവവികാസങ്ങൾ വ്യക്തമാക്കുന്നത്. യുഡിഎഫിന്റെ സംഘടനാപരമായും രാഷ്ട്രീയപരമായുമുളള കെട്ടുറപ്പ് തകർന്നുവെന്നതാണ്‌ ഇത് വ്യക്തമാക്കുന്നത്. കേന്ദ്രീകൃതമായ ഒരു നേതൃത്വം യുഡിഎഫിന് ഇല്ലാതെയായി. ഇതിന്റെ പ്രതിഫലനമാണ് ഇപ്പോഴത്തെ സംഭവം. ഇത് യുഡിഎഫിന്റെ തകർച്ചയ്ക്ക് വേഗത കൂട്ടും,” കോടിയേരി പറഞ്ഞു. കോൺഗ്രസിൽ ഏറ്റവുമധികം ജനപിന്തുണയുള്ള പാർട്ടിയാണ് കേരള കോൺഗ്രസെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

Read More: മുതിർന്ന നേതാക്കളെല്ലാം എനിക്കൊപ്പം; ജോസിനെ തള്ളി ജോസഫ്

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ ഉണ്ടായിരുന്ന എല്‍ജെഡി യുഡിഎഫ് വിട്ട് ഇപ്പോള്‍ എല്‍ഡിഎഫിലാണ് പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയരംഗത്തു വരുന്ന ഈ മാറ്റങ്ങള്‍ എല്‍ഡിഎഫിനെ ശക്തിപ്പെടുത്തുമെന്ന് മനസ്സിലാക്കിക്കൊണ്ടാണ് ജമാ അത്തെ ഇസ്‌ലാമി, എസ്ഡിപിഐ എന്നിവരുമായി കൂട്ടുകൂടാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചിട്ടുള്ളതെന്നും കോടിയേരി വിമർശിച്ചു.

യുഡിഎഫിന്റെ സ്ഥാപനം മുതലുള്ള നാല് പതിറ്റാണ്ട് നീണ്ട ബന്ധം ഒരു തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലെ സ്ഥാനത്തിനുവേണ്ടി മുറിച്ചു കളഞ്ഞെന്ന വൈകാരിക പ്രതികരണവുമായി ജോസ് കെ.മാണി നേരത്തെ രംഗത്തെത്തിയിരുന്നു. മാണിയുടെ മരണത്തിനുശേഷം പി.ജെ.ജോസഫ് പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുകയും കേരള കോണ്‍ഗ്രസ് എമ്മിനെ ജെ ആക്കാനും ശ്രമിച്ചുവെന്നും അതില്‍ നിന്നും പാര്‍ട്ടിയെ സംരക്ഷിക്കാന്‍ ശ്രമിച്ചതാണോ തന്റെ തെറ്റെന്നും ജോസ് ചോദിച്ചു.

കെ.എം.മാണി പടുത്തുയര്‍ത്തിയ പ്രസ്ഥാനത്തെ സംരക്ഷിക്കണം എന്നതാണ് ആഗ്രഹം. അതിനപ്പുറത്തേക്ക് മറ്റൊരു പ്രശ്‌നവും ജോസഫുമായില്ലെന്നും ജോസ് പറഞ്ഞു. പാലാ ഉപതിരഞ്ഞെടുപ്പിന് ശേഷം ജോസഫ് വിഭാഗം നിരന്തരം വ്യക്തിഹത്യ നടത്തുകയാണെന്നും നുണ പറഞ്ഞ് തങ്ങളെ കരിവാരി തേക്കുകയാണെന്നും ജോസ് പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.