തിരുവനന്തപുരം: എല്‍ഡിഎഫ് ഭരിക്കുന്ന കേരളം വികസിക്കരുതെന്ന സങ്കുചിത മനസ് ഇന്ത്യ ഒന്നായി നയിക്കേണ്ട കേന്ദ്ര സര്‍ക്കാരിനുണ്ടാകാന്‍ പാടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കേരളത്തിലെ ദേശീയപാത വികസനം നിര്‍ത്തിവയ്ക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് കോടിയേരിയുടെ പ്രസ്താവന.
കേരളത്തിലെ ദേശീയപാതാ വികസനം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ തീരുമാനം കേരളീയരോടും ഫെഡറല്‍ സംവിധാനത്തോടുമുള്ള വെല്ലുവിളിയാണെന്ന് കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. റോഡ് വികസനം സ്തംഭിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം റദ്ദാക്കുന്നില്ലെങ്കില്‍ അതിശക്തമായ പ്രക്ഷോഭം സംഘടിപ്പിയ്ക്കും. നീതി ലഭിയ്ക്കാന്‍ നിയമവഴികള്‍ തേടുമെന്നും കോടിയേരി ബാലകൃഷ്ണന് പ്രസ്താവനയില്‍ പറഞ്ഞു.
Read More: ശ്രീധരൻ പിള്ളയെ കേരളത്തിന്റെ പൊതുശത്രുവായി പ്രഖ്യാപിക്കണമെന്ന് തോമസ് ഐസക്ക്
ദേശീയപാതാ പദ്ധതി പൂര്‍ത്തിയാക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചുവരികയായിരുന്നു. എന്നാല്‍, പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന ഉത്തരവ് ദേശീയ അതോറിറ്റി പുറപ്പെടുവിച്ചത് ഞെട്ടിപ്പിക്കുന്നതാണെന്ന് കോടിയേരി പറഞ്ഞു. അധികാരം ഒഴിയും മുന്‍പ് ഈ ഉത്തരവ് മോദി സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും കോടിയേരി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 2013 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉപേക്ഷിച്ചതാണ് ദേശീയപാതാ പദ്ധതിയെന്ന് കോടിയേരി പറഞ്ഞു. പിന്നീട് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഭൂമി നഷ്ടപ്പെടുന്നവരുടെ വേദന കൂടി മനസിലാക്കി നടപടി സ്വീകരിക്കുകയും ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകുകയും ചെയ്തതായി കോടിയേരി പറഞ്ഞു. ബിജെപിയും യുഡിഎഫും എതിര്‍ത്തുനിന്ന സ്ഥലങ്ങളിലും ഭൂമിയേറ്റെടുക്കാന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. പല സ്ഥലങ്ങളിലും സര്‍ക്കാര്‍ മേല്‍പ്പാല നിര്‍മ്മാണങ്ങള്‍ പൂര്‍ത്തിയാക്കി. എന്നാല്‍, ഇതിനെയെല്ലാം തകിടം മറയ്ക്കുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് കോടിയേരി കുറ്റപ്പെടുത്തി.
വികസന പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നതില്‍ പിണറായി വിജയന് നയിക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ രാജ്യത്തിന് തന്നെ മാതൃകയായ പ്രവര്‍ത്തനമാണ് നടത്തുന്നത്. യു.ഡി.എഫ് ഭരണത്തില്‍ മുടങ്ങിയ ഗെയ്ല് പൈപ്പ്ലൈന് പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു. ഇടമണ്‍-കൊച്ചി ഗ്രിഡ് പൂര്‍ത്തിയാക്കി. കൊച്ചി-ബാംഗ്ലൂര്‍ പാത രണ്ട് മാസത്തിനകം പൂര്‍ത്തിയാകും. മലയോര-തീരദേശ പാത നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രവേശിച്ചിരിക്കുകയാണ്. ജനങ്ങള്‍ക്കും നാടിനും അനുഗ്രഹമാകുന്ന വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു നീങ്ങുന്നതിന് മധ്യേയാണ് ദേശീയപാതാ വികസനം കേന്ദ്ര സർക്കാർ തടഞ്ഞത്. ഇതിന് കൂട്ടുനില്‍ക്കുന്ന സമീപനമാണ് പി.എസ്.ശ്രീധരന്‍പിള്ളയില്‍ നിന്നുണ്ടായിരിക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.
നാലുവരി പാത കേരള വികസനത്തിന്റെ അടിസ്ഥാന ഘടകമാണെന്നും ഇതിനെ തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ ദേശവിരുദ്ധ നടപടിക്കെതിരെ കക്ഷി രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും ഒന്നായി രംഗത്തിറങ്ങണമെന്നും പ്രസ്താവനയിൽ കോടിയേരി അഭ്യർത്ഥിച്ചു.
Read More Kerala News Here