കൊച്ചി: വികസന സമീപനത്തിലൂന്നി സംസ്ഥാനത്ത് ഭരണത്തുടർച്ച ലക്ഷ്യമിട്ട് അടിമുടി മാറ്റത്തിനൊരുങ്ങുന്ന സിപിഎമ്മിന്റെ അമരക്കാരനായി കോടിയേരി ബാലകൃഷ്ണനെന്ന ജനപ്രിയ നേതാവ് വീണ്ടും. പാർട്ടിപ്രവർത്തകർക്കും നേതൃത്വത്തിനും ഒരുപോലെ പ്രിയങ്കരനായ കോടിയേരിയെന്ന പകരം വയ്ക്കാനില്ലാത്ത നേതാവ് ഇത് മൂന്നാം വട്ടമാണ് സംസ്ഥാന സെക്രട്ടറി പദത്തിലെത്തുന്നത്.
കണ്ണൂരെന്ന രാഷ്ട്രീയക്കളരിയില്‍ വളര്‍ന്ന കോടിയേരി ബാലകൃഷ്ണന് ആലപ്പുഴ സമ്മേളനത്തിൽ 2015 ഫെബ്രുവരി 23 നാണ് ആദ്യമായി സംസ്ഥാന സെക്രട്ടറി പദത്തിലെത്തിയത്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി 2020ലെ തദ്ദേശ തിരഞ്ഞെടുപ്പു മുതല്‍ കഴിഞ്ഞ ഡിസംബര്‍ വരെ അദ്ദേഹം സ്ഥാനത്തുനിന്ന് വിട്ടു നിന്നിരുന്നു. മയക്കു മരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തതിനാലാണ് കോടിയേരി മാറിനില്‍ക്കുന്നതെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.
ബിനീഷിനു ജാമ്യം ലഭിച്ച് നാളുകള്‍ക്ക് ശേഷമായിരുന്നു കോടിയേരി പാര്‍ട്ടിയുടെ അമരത്തേക്ക് വീണ്ടുമെത്തിയത്. ബിനീഷിനു ജാമ്യം ലഭിക്കുന്നതിനു മുന്‍പ് തന്നെ സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമായിരുന്നെങ്കിലും കോടിയേരി ഇടവേള നീട്ടുകയായിരുന്നു.
കോടിയേരിയുടെ അഭാവത്തില്‍ എ. വിജയരാഘവനായിരുന്നു താത്കാലിക സെക്രട്ടറിയായി പ്രവർത്തിച്ചത്. സ്ഥിരം സെക്രട്ടറിയില്ലാതെയായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയവുമായി ഇടതുപക്ഷം ഭരണത്തുടര്‍ച്ച നേടിയത്. എങ്കിലും മന്ത്രിസഭാ രൂപീകരണത്തില്‍ പോലും സുപ്രധാന തീരുമാനങ്ങളുണ്ടായത് കോടിയേരിയുടെ നേതൃത്വത്തിലായിരുന്നു.
കൊടിപിടിച്ച കാലം മുതലുള്ള നേതൃമികവ്
വിദ്യാഭ്യാസ കാലഘട്ടത്തില്‍ തന്നെ കൊടിപിടിച്ചു തുടങ്ങിയതാണ് കോടിയേരിയുടെ രാഷ്ട്രീയ ജിവിതം. 1970 കളില്‍ കെഎസ്എഫിലൂടെ (എസ്എഫ്ഐ രൂപീകരണത്തിനുള്ള വിദ്യാർഥി സംഘടന) തുടങ്ങിയ നേതൃപാടവം മൂന്ന് വര്‍ഷത്തിനുള്ളില്‍ സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് കോടിയേരിയെ എത്തിച്ചു.
മാഹി മഹാത്മാഗാന്ധി കോളേജില്‍ പ്രീഡിഗ്രിക്കു പഠിക്കവെ കെഎസ്എഫ് പ്രവര്‍ത്തകനായി മാറിയ കോടിയേരി പിന്നീട് കോളേജ് യൂണിയന് ചെയര്‍മാനായി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ ഡിഗ്രി പഠനകാലത്തിനിടെ 1973ല്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി. 1979 വരെ അദ്ദേഹം സംസ്ഥാന സെക്രട്ടറിയായി തുടർന്ന്. ഇക്കാലത്ത് അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയുമായും പ്രവർത്തിച്ചു.
1970ല്‍ പ്രീഡിഗ്രി പഠനകാലത്ത് സിപിഎം ഈങ്ങയില്‍പീടിക ബ്രാഞ്ച് സെക്രട്ടറിയായും കോടിയേരി പ്രവർത്തിക്കുന്നുണ്ടായിരുന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുമ്പോൾ അദ്ദേഹം സിപിഎം കോടിയേരി ലോക്കല്‍ സെക്രട്ടറിയായിരുന്നു.
എസ്എഫ്ഐയിയിൽനിന്ന് ഡിവൈഎഫ്ഐയിലേക്ക് എത്തിയ കോടിയേരി കണ്ണൂരില്‍ സംഘടനയെ നയിച്ചു. 1980 മുതല്‍ 1982 വരെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു. കൂത്തുപറമ്പ് വെടിവയ്പ്പ് നടക്കുമ്പോള്‍ കണ്ണൂരിന്റെ രാഷ്ടീയ മുഖങ്ങളില്‍ കോടിയേരിയും ഒരാളായിരുന്നു.
1988ൽ സിപിഎം സംസ്ഥാന കമ്മിറ്റിയിലെത്തിയ അദ്ദേഹം 1990 മുതല്‍ അഞ്ചു വര്‍ഷം സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു. 95ല്‍ സംസ്ഥാന സെക്രട്ടേറിയറ്റിലും 2002ലെ ഹൈദരാബാദ് പാർട്ടി കോൺഗ്രസിൽ കേന്ദ്രകമ്മിറ്റിയിലും 2008ലെ കോയമ്പത്തൂർ പാർട്ടി കോൺഗ്രസിൽ പൊളിറ്റ്ബ്യൂറോയിലും കോടിയേരി എത്തി.
അടിയന്തരാവസ്ഥക്കാലത്ത് 16 മാസത്തെ ജയില്‍ വാസം അനുഭവിച്ച കോടിയേരി സെക്രട്ടറി പദത്തിൽ, കേരള രാഷ്ട്രീയത്തിലെ കാര്‍ക്കശ്യക്കാരനായ നേതാവായ പിണറായിയുടെ പിന്‍ഗാമിയായിരുന്നു. എന്നാല്‍ പിണറായിയെ പോലൊരു സമീപനമായിരുന്നില്ല കോടിയേരിയുടേത്. കോടിയേരി-പിണറായി ദ്വയം ജനങ്ങള്‍ക്കിടയിലെ പാര്‍ട്ടിയോടുള്ള പല കാഴ്ചപ്പാടുകളും തിരുത്തി. രാഷ്ട്രീയ കൊലപാതകമെന്ന ശാപം എക്കാലവും പിന്തുടര്‍ന്ന പാര്‍ട്ടി അക്രമങ്ങള്‍ ഒഴിവാക്കാം എന്ന നിലപാടിലേക്ക് എത്തി.
കോടിയേരിയിലെ സ്കൂള്‍ അധ്യാപകനായിരുന്ന പരേതനായ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയമ്മയുടെയും മകനായി 1953 നവംബര്‍ 16നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ ജനനം. 1982, 1987, 2001, 2006, 2011 വർഷങ്ങളിൽ തലശേരിയിൽ അദ്ദേഹം നിയമസഭയിലെത്തി. 2001ലും 2011ലും പ്രതിപക്ഷ ഉപനേതാവായി പ്രവർത്തിച്ച അദ്ദേഹം 2006-11 കാലത്ത് ആഭ്യന്തര, ടൂറിസം മന്ത്രിയായും പ്രവർത്തിച്ചു. പൊലീസിന്റെ രീതികളിലും ആധുനികവൽക്കരണത്തിലും വലിയ മാറ്റങ്ങൾ നടന്ന കാലമായിരുന്നു അത്.
Also Read: സി പി എം: പുതു തലമുറയ്ക്ക് ഒപ്പം പുതു വഴിയിൽ