തിരുവനന്തപുരം: കേരള കോൺഗ്രസ് (എം) ഭിന്നത രാഷ്ട്രീയ ആയുധമാക്കി സിപിഎം. യുഡിഎഫ് വിട്ട് വരുന്ന കക്ഷികളുടെ രാഷ്ട്രീയ നിലപാടും സമീപനവും നോക്കി എൽഡിഎഫ് കൂട്ടായ ചർച്ചകളിലൂടെ നിലപാട് സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
യുഡിഎഫിനെയും ബിജെപിയെയും ദുർബലമാക്കുകയെന്ന പൊതുലക്ഷ്യത്തെ ശക്തിപ്പെടുത്തുകയെന്ന നിലപാടായിരിക്കും ഇടതുപക്ഷം സ്വീകരിക്കുകയെന്നും കോടിയേരി വ്യക്തമാക്കി. പാർട്ടി മുഖപത്രമായ ‘ദേശാഭിമാനി’യിലെ എഡിറ്റോറിയലിലാണ് കോടിയേരി ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
എൽഡിഎഫ് എന്നത് പ്രതൃശശാസ്ത്രപരമായും രാഷ്ട്രീയമായും സംഘടനാപരമായും കെട്ടുറപ്പുള്ള രാഷ്ട്രീയ കൂട്ടുകെട്ടാണ്. യുഡിഎഫാകട്ടെ അന്തഃഛിദ്രത്തിന്റെ മുന്നണിയും. അതുകൊണ്ട് യുഡിഎഫിന്റെ ആഭ്യന്തര കലഹത്തിൽ എൽഡിഎഫോ സിപിഎമ്മോ കക്ഷിയല്ല. എന്നാൽ, യുഡിഎഫ് വിട്ടുവരുന്നവരെ രാഷ്ട്രീയ നിലപാട് നോക്കി സ്വീകരിക്കും.
Read Also: അവിശ്വാസ പ്രമേയ ചര്ച്ച; പ്രതിപക്ഷം തെറി വിളിച്ചു: മുഖ്യമന്ത്രി
യുഡിഎഫ് സംഘടനാപരമായ പ്രതിസന്ധി നേരിടുകയാണെന്ന് കോടിയേരി പറയുന്നു. രാജ്യസഭാ ഉപതിരഞ്ഞെടുപ്പും നിയമസഭയിലെ അവിശ്വാസപ്രമേയവും ചൂണ്ടിക്കാണിച്ചാണ് കോടിയേരി യുഡിഎഫിനെ കടന്നാക്രമിച്ചിരിക്കുന്നത്. എൽഡിഎഫിനെതിരെ അവിശ്വാസം കൊണ്ടുവന്നതിലൂടെ അട്ടത്തിലിരിക്കുന്നത് എടുക്കാനും കഴിഞ്ഞില്ല, കക്ഷത്തിലിരുന്നത് പോകുകയും ചെയ്ത ഗതികേടിൽ യുഡിഎഫിനെ എത്തിച്ചെന്നും കോടിയേരി പരിഹസിച്ചു.
“സർക്കാരിനെ അസ്ഥിരപ്പെടുത്താൻ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പ്രതിപക്ഷത്തിന്റെ ഉള്ള കരുത്തും ചോർത്തി. നിയമസഭയിൽ തോറ്റ പ്രതിപക്ഷം, സെക്രട്ടറിയേറ്റിലെ ഒരു സെക്ഷനിലുണ്ടായ ചെറിയ തീപിടിത്തത്തെ മഹാസംഭവമാക്കി വ്യാജകഥകളുമായി ഇറങ്ങി. ഒരു വിഭാഗം മാധ്യമങ്ങൾ ഇവരെ സഹായിക്കുകയും ചെയ്തു. പക്ഷേ, ഇക്കൂട്ടർ നടത്തുന്ന സർക്കാരിനെതിരായ പ്രചാരണം ജനങ്ങളിൽ ഏശാൻ പോകുന്നില്ല. സെക്രട്ടറിയേറ്റിൽ ഇ-ഫയൽ സംവിധാനം ഏർപ്പെടുത്തിയതിനാൽ തീപിടിച്ചാലും ഫയലുകൾ പൊതുവിൽ നഷ്ടപ്പെടില്ല. ഇതെല്ലാം മനസിലാക്കിയിട്ടും കള്ളക്കഥകൾ പ്രചരിപ്പിക്കുന്ന കോൺഗ്രസ്-ബിജെപി-മുസ്ലിം ലീഗ് ഉൾപ്പെടുന്ന പ്രതിപക്ഷത്തിന്റെ മർമത്ത് അടിക്കുന്ന ജനവിധിയാകും ആസന്നമായ തദ്ദേശതിരഞ്ഞെടുപ്പിൽ ലഭിക്കുക,” സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.