കണ്ണൂർ: കേരള രാഷ്ട്രീയത്തിൽ ആർഎംപിക്ക് പ്രസക്തി നഷ്ടമായെന്ന് കോടിയേരി ബാലകൃഷ്ണന്റെ വിമർശനം. ടിപി ചന്ദ്രശേഖരന്റെ രാഷ്ട്രീയ വഴിയിൽ നിന്ന് വ്യതിചലിച്ചാണ് ഇപ്പോൾ ആർഎംപിയുടെ പ്രവർത്തനം എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
ആർഎംപിയെ കോൺഗ്രസ് പാളയത്തിലെത്തിക്കാനാണ് കെകെ രമ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. “ടി.പി.ചന്ദ്രശേഖരൻ ഒരിക്കലും സിപിഎം വിരുദ്ധനായിരുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിപിഎം നശിച്ചുകാണാൻ ടി.പി ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും പ്രശ്നങ്ങൾ തീർന്നാൽ സിപിഎമ്മിനോട് അടുക്കണമെന്നു ടി.പി ആഗ്രഹിച്ചിരുന്നെ”ന്നും കോടിയേരി പറഞ്ഞു.
സമീപകാലത്ത് വടകരയിൽ ആർഎംപി-സിപിഎം സംഘർഷം രൂക്ഷമായിരുന്നു. ഇരുവശത്തും ഉളള അനുഭാവികളുടെയും പ്രവർത്തകരുടെയും വീടുകൾ ആക്രമിച്ചതും പാർട്ടി ഓഫീസുകൾ ആക്രമിക്കപ്പെട്ടതും വാർത്തയായിരുന്നു.
സിപിഎമ്മിന്റെ അക്രമങ്ങൾക്കെതിരെ ഡൽഹിയിൽ എകെജി ഭവന് മുന്നിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുളള ആർഎംപി പ്രവർത്തകർ ധർണ്ണ നടത്തിയിരുന്നു. എന്നാൽ ഈ വിഷയത്തിൽ ആരും പ്രതികരിച്ചിരുന്നില്ല.