തിരൂർ: മതം മാറിയതിന്റെ പേരില്‍ ആർഎസ്എസ് പ്രവര്‍ത്തര്‍ കൊലപ്പെടുത്തിയ കൊടിഞ്ഞിയിലെ ഫൈസലിന്റെ അച്ഛൻ ഇസ്‍ലാം മതം സ്വീകരിച്ചു. മകൻ കൊലചെയ്യപ്പെട്ട് പത്ത് മാസങ്ങൾക്ക് ശേഷമാണ് പിതാവ് കൃഷ്ണൻ നായർ മതം മാറിയത്. നേരത്തെ ഫൈസലിന്റെ മാതാവും പിന്നീട് കുടുംബാംഗങ്ങളും ഇസ്‌ലാം മതം സ്വീകരിച്ചിരുന്നു. ഫൈസലിന്റെ രണ്ട് സഹോദരിമാരും സഹോദരീഭര്‍ത്താവും ഉള്‍പ്പെടെ എട്ടുപേരാണ് ഇസ്‍ലാം മതം സ്വീകരിച്ചത്. മഞ്ചേരിയിലെ മർക്കസുൽ ഹിദായയിൽ താൻ മതപഠനം നടത്തുകയാണെന്ന് കൃഷ്ണൻ നായർ അറിയിച്ചു.

കഴിഞ്ഞ നവംബര്‍ 16നാണ് തിരൂരങ്ങാടി കൊടിഞ്ഞിയില്‍ വച്ച് ഫൈസല്‍ കൊല്ലപ്പെട്ടത്. പുല്ലാണി കൃഷ്ണന്‍ നായരുടെയും മീനാക്ഷിയുടെയും മകനായ അനില്‍കുമാര്‍ ഇസ്‌ലാം മതം സ്വീകരിച്ച് ഫൈസല്‍ എന്ന പേര് സ്വീകരിച്ചതിന് പിന്നാലെയായിരുന്നു കൊലപാതകം. ഫറൂഖ് നഗറിലെ വഴിയരികില്‍ തലയ്ക്കും കഴുത്തിലും ആഴത്തില്‍ മുറിവേറ്റ നിലയിലാണ് മൃതദേഹം കിടന്നിരുന്നത്.

തൊട്ടടുത്ത ഞായറാഴ്ച ഗള്‍ഫിലേക്ക് പോകാനിരുന്ന തന്നെ കാണാനെത്തിയ ഭാര്യാപിതാവിനെ കൂട്ടിക്കൊണ്ടുവരാന്‍ താനൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. തനിക്ക് ബന്ധുക്കളില്‍ നിന്നുതന്നെ ഭീഷണിയുള്ളതായി ഫൈസല്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. മരണത്തിന് രണ്ട് ദിവസം മുമ്പ് പ്രാദേശിക ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരും ഇയാളെ ഭീഷണിപ്പെടുത്തിയതായി ഒരു സുഹൃത്ത് മാധ്യമങ്ങളെ അറിയിച്ചു.

Read in English

16 പേരാണ് കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ അറസ്റ്റിലായത്. ആര്‍എസ്എസ് തിരൂര്‍ കാര്യവാഹക് മഠത്തില്‍ നാരായണന്‍, ഫൈസലിന്റെ ഭാര്യാസഹോദരന്‍ വിനോദ്, വിശ്വഹിന്ദു പരിഷത്ത് തിരൂരങ്ങാടി താലൂക്ക് സെക്രട്ടറി കോട്ടശ്ശേരി ജയകുമാര്‍ എന്നിവരുള്‍പ്പെടെയാണ് പൊലീസ് പിടിയിലായത്. കുറ്റം ചുമത്തപ്പെട്ടവരെല്ലാം പിന്നീട് ജാമ്യത്തിലിറങ്ങി.

അതിനിടയിൽ കൊടിഞ്ഞി ഫൈസൽ വധക്കേസിലെ രണ്ടാംപ്രതി ആലത്തിയൂർ പൊയിലശ്ശേരി കുട്ടിച്ചാത്തൻപടി കുണ്ടിൽ ബിബി(24)നെ വെട്ടേറ്റു മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. ഇയാൾ ആർഎസ്‌എസ് പ്രവർത്തകനായിരുന്നു. ബൈക്കിൽ തിരൂരിലേക്ക് പോകുന്നതിനിടെ, മറ്റൊരു ബൈക്കിൽ പിന്തുടർന്നെത്തിയ മുഖംമൂടി സംഘം ബിബിനെ തടഞ്ഞിട്ട് വെട്ടുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.