കണ്ണൂര്‍: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉന്നയിച്ച വിമർശനങ്ങൾക്ക് സിപിഎം ഇന്ന് മറുപടി നൽകും. പാർട്ടിക്കും സർക്കാരിനുമെതിരെ സിപിഐ ഉന്നയിച്ച എല്ലാ വിമർശനങ്ങൾക്കും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മറുപടി നല്‍കും. രാവിലെ 11മണിക്ക് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കണ്ണൂരിൽ വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.

പ്രതിപക്ഷത്തെ പോലെയാണ് സിപിഐയുടെ നിലപാടുകളെന്ന അഭിപ്രായം സിപിഎം നേതാക്കള്‍ക്കിടയില്‍ ഉയര്‍ന്നിട്ടുണ്ട്. സിപിഐ നടത്തിയ പരസ്യ വിമർശനങ്ങൾക്ക് അതേ ഭാഷയിൽ മറുപടി നൽകാന്‍ തന്നെയാണ് സിപിഎമ്മിന്റെ തീരുമാനം.

സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടിനു മറുപടിയുമായായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിമര്‍ശനവുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. സിപിഐയ്ക്ക് പ്രതിപക്ഷ നിലപാടല്ല, ഇടത് നിലപാടാണുളളത്. കാരാട്ട് പരസ്യമായി പറഞ്ഞതുകൊണ്ടാണ് പരസ്യ മറുപടിയെന്നും കാനം പറഞ്ഞു. സിപിഐയ്ക്ക് പ്രതിപക്ഷ നിലപാടാണെന്നും ദേശീയ സംസ്ഥാന തലത്തിൽ ഇക്കാര്യത്തിൽ ചർച്ചകൾ വേണമെന്നും കാരാട്ട് കുറ്റപ്പെടുത്തിയിരുന്നു.

”അഭിപ്രായ വ്യത്യാസങ്ങൾ സിപിഎമ്മുമായി ചർച്ച ചെയ്യാൻ തയാറാണ്. നേരത്തെയും ഇത്തരത്തിൽ ദേശീയ തലത്തിൽ ചർച്ചകൾ ഉണ്ടായിട്ടുണ്ട്. നിലമ്പൂരിൽ മാവോയിസ്റ്റുകളെ വെടിവച്ചു കൊന്നതിനെ സിപിഐ എതിർത്തു. വ്യാജ ഏറ്റുമുട്ടലുകൾ തെറ്റെന്നുളളത് ഇന്ത്യയിലെ ഇടതു പക്ഷത്തിന്റെ നിലപാടാണ്. മന്ത്രിസഭാ തീരുമാനങ്ങൾ രഹസ്യമാക്കുന്നതിനോടും യോജിച്ചില്ല.

വിവരാവകാശനിയമം നടപ്പാക്കേണ്ടയെന്നു പറയാൻ കാരാട്ടിന് കഴിയുമോ?യുഎപിഎ നിയമം നടപ്പിലാക്കാൻ ശ്രമിക്കുന്നത് ഇടത് വിരുദ്ധമാണ്. ഇതു നടപ്പിലാക്കാനുളള തീരുമാനമായി സർക്കാർ മുന്നോട്ടു പോയപ്പോൾ എതിർത്തത് അതിനാലാണ്. എൽഡിഎഫ് ദുർബലപ്പെടുന്നത് തടയുക എന്നതാണ് സിപിഐ ചെയ്തത്”- കാനം പറഞ്ഞു.

മഹിജയുടെ സമരത്തിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകളേയും പൊലീസ് ഉപദേഷ്ടാവായി മുൻ ഡിജിപി ആയിരുന്ന രമൺ ശ്രീവാസ്തവയെ നിയമിക്കാനുളള തീരുമാനത്തേയും കാനം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ