തൃശൂർ: തലശേരി സ്വദേശി ഇസ്മായിലിന്റെ കാർ തടഞ്ഞുനിർത്തി മൂന്നര കിലോ സ്വർണ്ണം കവർന്ന കേസിൽ കൊടി സുനി കുറ്റം നിഷേധിച്ചു. കവർച്ച ജയിലിന് അകത്ത് വച്ച് ഫോൺ വഴി ആസൂത്രണം ചെയ്ത സംഭവത്തിൽ സുനിക്ക് പങ്കുണ്ടെന്ന ആരോപണമാണ് സുനി നിഷേധിച്ചത്. കേസിൽ അറസ്റ്റിലായ കാക്ക രഞ്ജിത്താണ് സംഭവത്തിൽ സുനിക്ക് പങ്കുണ്ടെന്ന് പൊലീസിനോട് പറഞ്ഞത്.

വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന കൊടി സുനിയെ ചോദ്യം ചെയ്ത അന്വേഷണ സംഘത്തിനോടാണ് സുനി ഇക്കാര്യങ്ങൾ പറഞ്ഞത്. രഞ്ജിത്തിനെ അറിയാമെന്ന് പറഞ്ഞ സുനി കവർച്ചയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് പറഞ്ഞു.

രഞ്ജിത്തിന്റെ ഫോണിലേക്ക് വിളിച്ച നമ്പർ തന്റേതല്ലെന്ന വാദമാണ് അന്വേഷണ സംഘത്തിന് മുന്നിൽ സുനി നിരത്തിയത്. കോടതി അനുമതി ലഭിക്കാത്തതിനാൽ സുനിയുടെ സെല്ലും പരിസരവും പരിശോധിക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചില്ല.

അതേസമയം, ജയിലിനുള്ളിൽ താൻ ഫോൺ ഉപയോഗിച്ചിട്ടില്ലെന്നും സുനി ചോദ്യം ചെയ്യലിൽ പറഞ്ഞു. ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം തടവുശിക്ഷയനുഭവിക്കുന്ന കൊടി സുനിയെ അന്വേഷണ സംഘം വിയ്യൂർ സെൻ‍ട്രൽ ജയിലിലെത്തിയാണു ചോദ്യം ചെയ്തത്. ജയിൽ ജീവനക്കാരെ മാറ്റിനിർത്തിയ ശേഷമാണ് പൊലീസ് സംഘം ചോദ്യം ചെയ്യൽ ആരംഭിച്ചത്. ഇത് ഏതാണ്ട് രണ്ട് മണിക്കൂർ നീണ്ടു.

ചെറുവണ്ണൂർ സിഐ പി.രാജേഷിന്റെ നേതൃത്വത്തിൽ നല്ലളം എസ്ഐ എസ്.ബി.കൈലാസ് നാഥും സംഘവുമാണു സുനിയെ ചോദ്യം ചെയ്തത്. കേസിൽ നേരത്തെ അറസ്റ്റിലായി ജില്ലാ ജയിലിൽ കഴിയുന്ന കാക്ക രഞ്ജിത്തിനെയും ജാമ്യത്തിലിറങ്ങിയ രാജേഷ് ഖന്നയെയും വീണ്ടും ചോദ്യം ചെയ്തേക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ