ആലപ്പുഴ/തൃശൂര്‍: തൃശൂര്‍ കൊടകരയില്‍ വാഹനാപകടം സൃഷ്ടിച്ച് മൂന്നരക്കോടി രൂപ തട്ടിയെടുത്ത സംഭവത്തില്‍ ബിജെപി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ ഗോപാലകൃഷ്ണ കര്‍ത്തയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മിഷണല്‍ വി.കെ. രാജുവിന്റെ നേതൃത്വത്തില്‍ ആലപ്പുഴ പൊലീസ് ട്രെയിനിങ് സെന്ററിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.
കൊണ്ടുവരുന്ന പണം ആലപ്പുഴയില്‍ എത്തിച്ച് കര്‍ത്തയ്ക്കു കൈമാറാനായിരുന്നു നിര്‍ദേശമെന്ന് അറസ്റ്റിലായ പ്രതികള്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. പണം കൊണ്ടുപോയ കോഴിക്കോട്ടെ ആര്‍എസ്എസ്. പ്രവര്‍ത്തകന്‍ എകെ ധര്‍മരാജനുമായി കര്‍ത്ത സംഭവം നടന്ന ദിവസം ഉള്‍പ്പെടെ നിരവധി തവണ ഫോണില്‍ സംസാരിച്ചത് അന്വേഷണസംഘം കണ്ടെത്തിയതായാണ് വിവരം.
അതേസമയം, കേസിലെ ആറാം പ്രതി മാര്‍ട്ടിന്റെ ഇരിങ്ങാലക്കുടയിലെ വീട്ടില്‍നിന്ന് ഒന്‍പത് ലക്ഷം രൂപ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. വീട്ടിലെ മെറ്റലിനുള്ളില്‍ സൂക്ഷിച്ച നിലയിലായിരുന്നു പണം. കവര്‍ച്ചയ്ക്കു ശേഷം മാര്‍ട്ടിന്‍ സ്വര്‍ണവും മൂന്നു ലക്ഷം രൂപ വില വരുന്ന കാറും വാങ്ങിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ബാങ്ക് വായ്പയായി എടുത്ത നാലു ലക്ഷം രൂപ തിരിച്ചടച്ചതായും കണ്ടെത്തി.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ തൊട്ടുമുന്‍പ് കൊണ്ടുവന്ന 3.5 കോടി രൂപയുടെ കുഴല്‍പ്പണം വാഹനാപകടമുണ്ടാക്കി കവര്‍ന്നുവെന്നാണ് കേസ്. കര്‍ണാകടയില്‍നിന്നു കൊണ്ടുവന്ന പണം ദേശീയപാതയില്‍ കൊടകരയില്‍വച്ച് ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെ 4.45നാണു കവര്‍ന്നത്.
Also Read: മന്ത്രിസഭാ യോഗം ഇന്ന്; ലോക്ക്ഡൗണില്‍ തീരുമാനം എടുക്കാന്‍ സാധ്യത
അജ്ഞാത സംഘം വ്യാജ വാഹനാപകടമുണ്ടാക്കി കാറും അതിലുണ്ടായിരുന്ന 25 ലക്ഷം രൂപയും തട്ടിയെടുത്തെന്ന, ഡൈവർ ഷജീർ പരാതിയിലാണു പൊലീസ് കേസെടുത്തത്. വോട്ടെടുപ്പിനു പിറ്റേന്ന് ഏപ്രില്‍ ഏഴിനാണു പരാതി നല്‍കിയത്.
ധര്‍മരാജന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്നും പരാതിയില്‍ പറഞ്ഞതല്ല യഥാര്‍ഥ തുകയെന്നും ഇത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനു കൊണ്ടുവന്നതാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പണം തട്ടിയെടുത്തതില്‍ പങ്കാളികളായവര്‍ ഉള്‍പ്പെടെ 19 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതുവരെ 1.15 കോടിയോളം രൂപ പ്രതികളുടെ വീടുകളില്‍നിന്നും മറ്റിടങ്ങളില്‍നിന്നുമായി പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
സംഭവത്തില്‍ കെജി കര്‍ത്തയെന്ന ബിജെപി നേതാവിലേക്കു മാത്രമല്ല പൊലീസ് അന്വേഷണം എത്തിനില്‍ക്കുന്നത്. തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ ആര്‍ ഹരി, ട്രഷറര്‍ സുജയ് സേനന്‍, ബിജെപി മധ്യമേഖലാ സെക്രട്ടറി കാശിനാഥന്‍ എന്നിവരെ ശനിയാഴ്ച ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു. സംഘടനാ ജനറല്‍ സെക്രട്ടറി എം.ഗണേഷ്, സംസ്ഥാന ഓഫിസ് സെക്രട്ടറി ജി.ഗിരീഷ് എന്നിവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലിനു വിളിപ്പിച്ചിരുന്നു. എന്നാല്‍ ഇവര്‍ എത്തിയിരുന്നില്ല. എന്ന് ഹാജരാകുമെന്ന് അറിയിച്ചിട്ടുമില്ല. രണ്ടുദിവസത്തിനകം ഹാജരാകണമെന്നും അല്ലാത്തപക്ഷം മറ്റു നടപടികളിലേക്ക് കടക്കുമെന്നും കാണിച്ച് കഴിഞ്ഞദിവസം ഇവര്‍ക്ക് നോട്ടീസ് അയച്ചിരുന്നത്. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ മുന്‍പും ഇവര്‍ക്ക് നോട്ടിസ് നല്‍കിയിരുന്നു.
പണം കൊണ്ടുവന്ന ധര്‍മരാജന്‍, ഇയാള്‍ക്കു തുക കൈമാറിയ യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്ക് എന്നിവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. കാറിലുണ്ടായിരുന്നത് മൂന്നരക്കോടി രൂപയാണെന്ന് ഇരുവരും വെള്ളിയാഴ്ച അന്വേഷണ സംഘത്തിനു മൊഴി നല്‍കിയതായാണു വിവരം. ബിസിനസ് ആവശ്യത്തിനായി സുനില്‍ നായിക്ക് നല്‍കിയ പണമാണിതെന്നാണ് ധര്‍മരാജന്റെ മൊഴി. എന്നാല്‍ ഇതുസംബന്ധിച്ച രേഖകള്‍ ഇരുവരും ഹാജരാക്കിയിട്ടില്ലെന്നാണ് വിവരം.