തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. ഇരിങ്ങാലക്കുട കോടതിയിലാണ് 625 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. 22 പേർക്കെതിരെയാണ് കുറ്റപത്രം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെ 216 പേരാണ് സാക്ഷിപ്പട്ടികയിലുള്ളത്.
കേസിൽ ഏഴാം സാക്ഷിയാണ് സുരേന്ദ്രൻ. സുരേന്ദ്രന്റെ അറിവോടെയാണ് കൊടകരയിൽ പിടികൂടിയ കള്ളപ്പണം എത്തിച്ചേർന്നതെന്ന് കുറ്റപത്രത്തിലുണ്ടെന്നാണ് സൂചനയെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. കൊടകരയിൽ പിടികൂടിയ മൂന്നരക്കോടി രൂപ കള്ളപ്പണം തന്നെയാണെന്നും കുറ്റപത്രത്തിലുള്ളതായി റിപ്പോർട്ടിൽ പറയുന്നു.
പണം ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് തന്നെയാണെന്നാണ് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സുരേന്ദ്രന്റെ മകനും സാക്ഷിപ്പട്ടികയിലുള്ളതായി റിപ്പോർട്ടിൽ പറയുന്നു.
ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തൃശൂര്‍ കൊടകര ദേശീയ പാതയില്‍ വച്ചാണ് മൂന്നരക്കോടി രൂപയുടെ കവര്‍ച്ച നടന്നതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. 22 പേരടങ്ങിയ സംഘമാണ് കവര്‍ച്ച നടത്തിയത്.
കള്ളപ്പണക്കേസ് അന്വേഷിക്കാന്‍ കേരള പൊലീസിന് പരിമിതികളുണ്ടെന്നും അതിനാല്‍ കേന്ദ്ര ഏജന്‍സികള്‍ വരണമെന്നും പൊലീസ് കോടതിയില്‍ ആവശ്യപ്പെടും. നിലവില്‍ കൊടകര കേസിലെ പ്രതികള്‍ റിമാന്‍ഡിലാണ്. പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യതകള്‍ മുന്‍ നിര്‍ത്തിയാണ് വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്.
Also Read: പെഗാസസ് അവസാനിക്കുന്നില്ല; അനില്‍ അംബാനിയും അലോക് വര്‍മയും നിരീക്ഷണപ്പട്ടികയില്‍