തൃശൂര്‍: കൊടകര കുഴൽപ്പണ കവർച്ചാക്കേസിനു പിന്നാലെ സികെ ജാനുവിനു 10 ലക്ഷം രൂപ നൽകിയെന്ന ആരോപണം കൂടി പുറത്തുവന്നതോടെ പ്രതിരോധിക്കാൻ കഴിയാതെ ബിജെപി. സികെ ജാനു എന്‍ഡിഎയില്‍ ചേരുന്നതിനു 10 ലക്ഷം രൂപ ആവശ്യപ്പെടുന്നതും തുക നല്‍കാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറയുന്നതുമായ ശബ്ദരേഖ പുറത്തുവന്നു.
കെ സുരേന്ദ്രനും ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി ട്രഷറര്‍ പ്രസീത അഴീക്കോടും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണമാണു പുറത്തുവന്നത്. ജാനു ആവശ്യപ്പെട്ടത് 10 കോടി രൂപയും അഞ്ച് നിയമസഭാ സീറ്റും കേന്ദ്രമന്ത്രിസഭാ സ്്ഥാനവുമാണെന്നു പ്രസീത ആരോപിച്ചു. അമിത് ഷായുടെ പരിപാടിക്കു മുന്‍പ്, തിരുവനന്തപുരത്തുവച്ചാണ് സുരേന്ദ്രന്‍ ജാനുവിന് 10 ലക്ഷം കൈമാറിയതെന്നും പ്രസീത ആരോപിച്ചു. എന്നാല്‍ ജാനു ആരോപണങ്ങള്‍ നിഷേധിച്ചു.
അതേസമയം കെ സുരേന്ദ്രൻ വ്യാഴാഴ്ച രാവിലെ 11മണിക്ക് കോഴിക്കോട്ട് വാർത്താസമ്മേളനം വിളിച്ച് ചേർത്തിട്ടുണ്ട്. കുഴൽപ്പണക്കേസ് അടക്കമുള്ള വിഷയങ്ങളെക്കുറിച്ച് വാർത്താസമ്മേളനത്തിൽ പരാമർശിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കൊടകര സംഭവത്തില്‍ പൊലീസ് അന്വേഷണം മുറുകവെ ബിജെപി കൂടുതൽ പ്രതിരോധത്തിലേക്കു പോകുന്നതാണു പ്രകടമാകുന്നത്. നഷ്ടമായ പണം കണ്ടെത്താന്‍ ബിജെപി നേതാക്കള്‍ സ്വന്തം നിലയില്‍ അന്വേഷണം നടത്തിയതായാണു പൊലീസ് കണ്ടെത്തല്‍. കേസില്‍ പൊലീസിനു പരാതി ലഭിച്ച് അന്വേഷണം തുടങ്ങിയ സമയത്താണ് ബിജെപി നേതാക്കളുടെ അന്വേഷണവും നടന്നതെന്നാണ് സൂചന.
പ്രതികളായ രഞ്ജിത്ത്, ദീപക് എന്നിവര്‍ തൃശൂര്‍ ബിജെപി ഓഫീസിലെത്തിയതായാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷമാണ് ഇവര്‍ എത്തിയതെന്ന് അന്വേഷണ സംഘം സൂചിപ്പിക്കുന്നു. ഇതു സംബന്ധിച്ച് വ്യക്തത വരുത്താന്‍ ബിജെപി ഓഫിസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. ഇവരെ ബിജെപി നേതാക്കള്‍ തന്നെയാണോ ഓഫീസിലേക്ക് വിളിപ്പിച്ചതെന്നും അന്വേഷിക്കും.
കേസില്‍ ബിജെപി നേതാക്കളെ ചോദ്യം ചെയ്യുന്നതു തുടരുകയാണ്. ബിജെപി ജില്ലാ പ്രസിഡന്റ് കെകെ അനീഷ് കൂമാറിനെ ഇന്ന് പൊലീസ് ചോദ്യം ചെയ്തു. ഫണ്ട് ബിജെപിയുടേതല്ലെന്ന് അനീഷ് കുമാര്‍ മൊഴി നല്‍കിയതായാണു വിവരം. എന്നാല്‍ സംഭവത്തില്‍ ബിജെപി അന്വേഷണം നടത്തിയത് തട്ടിയെടുത്ത തുക പാര്‍ട്ടി ഫണ്ടായതു കൊണ്ടാണെന്നാണ് പൊലീസ് പറയുന്നത്.
കുന്നംകുളത്തെ സ്ഥാനാര്‍ഥിയായ താന്‍ പ്രചാരണ തിരക്കിലായിരുന്നുവെന്നും ധര്‍മരാജന്റെ പരാതി അന്വേഷിക്കാനാണ് പ്രതി ദീപക്കിനെ ഓഫിസില്‍ വിളിച്ചു വരുത്തിയതെന്നും അനീഷ് കുമാര്‍ കുമാര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് ലഘുലേഖകള്‍ കൊണ്ടുവരാന്‍ വന്നതാണ് ധര്‍മരാജന്‍. അതുകൊണ്ടാണ് മുറിയെടുത്ത് നല്‍കിയതെന്ന് ജില്ലാ പ്രസിഡന്റ് പറഞ്ഞു.
Also Read: കൊടകര കുഴല്‍പ്പണക്കേസ്: പ്രതികളുടെ വീടുകളില്‍ റെയ്ഡ്
പണം കൊണ്ടുവന്ന കോഴിക്കോട് സ്വദേശി എകെ ധര്‍മരാജനെ സംബന്ധിച്ച് ബിജെപിയുടെ സംഘടനാ സെക്രട്ടറി കഴിഞ്ഞദിവസം നല്‍കിയ മൊഴിയിലെ വൈരുധ്യമാണ് കൂടുതല്‍ നേതാക്കളെ ചോദ്യം ചെയ്യുന്നതിലേക്ക് നയിക്കുന്നത്. ധര്‍മ്മരാജനെ പരിചയമുണ്ട്, എന്നാല്‍ പണം കൊണ്ടുവരുമെന്ന് അറിയില്ലായിരുന്നുവെന്നാണു സംഘടനാ സെക്രട്ടറിയുടെ മൊഴി. തെരഞ്ഞെടുപ്പ് സാമഗ്രികള്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടാണ് ധര്‍മ്മരാജനോട് ഫോണില്‍ സംസാരിച്ചതെന്നും സംഘടനാ സെക്രട്ടറി മൊഴി നല്‍കിയിരുന്നു.
അതേസമയം, ധര്‍മരാജന്‍ നല്‍കിയ മൊഴിയില്‍ തിരഞ്ഞെടുപ്പ് ചുമതലയുമായി ബന്ധപ്പെട്ടൊന്നും പരാമര്‍ശിച്ചിരുന്നില്ല. ബിജെപി നേതാവിന്റെയും പരാതിക്കാരന്റെയും മൊഴിയില്‍ വൈരുധ്യമുണ്ടെന്നാണ്് അന്വേഷണം സംഘം വ്യക്തമാക്കുന്നത്.
പണവുമായി വന്ന ധര്‍മരാജനും സംഘത്തിനും ഹോട്ടല്‍ മുറി ബുക്ക് ചെയ്ത് നല്‍കിയത് തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നാണെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇക്കാര്യം ഹോട്ടല്‍ ജീവനക്കാരനും വ്യക്തമാക്കി. ധര്‍മരാജന്‍ അടങ്ങുന്ന മൂന്നംഗ സംഘം രണ്ട് മുറികളിലായാണ് താമസിച്ചിരുന്നത്.
മുഖ്യപ്രതി രഞ്ജിത്തിന്റെ ഭാര്യ ദീപ്തിയെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു. കേസിലെ കൂട്ടുപ്രതിയാണു ദീപ്തി.