/indian-express-malayalam/media/media_files/uploads/2021/05/Kerala-High-Court.jpg)
കൊച്ചി: കൊടകര കുഴൽപ്പണ കേസിൽ നിരവധി ദുരൂഹതകൾ ഉണ്ടെന്ന് ഹൈക്കോടതി. സാഹചര്യങ്ങൾ പരിശോധിച്ചാൽ കവർച്ച മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും കുറ്റകൃത്യത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടന്ന് കാണാമെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിലെ പത്ത് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം.
പരാതി കിട്ടി നാലാം ദിവസമാണ് പൊലീസ് കേസെടുത്തത്. വാഹനം തടഞ്ഞ് 25 ലക്ഷം തിട്ടയെടുത്തെന്നാണ് പരാതിക്കാരൻ പൊലീസിന് മൊഴി നൽകിയത്. എന്നാൽ വാഹനത്തിലുണ്ടായിരുന്ന 3.5 കോടി കവർന്നതായി അന്വേഷണത്തിൽ കണ്ടെത്തി. പണത്തിന്റെ ഉറവിടം ഏതെന്നോ എന്താവശ്യത്തിനാണ് പണം കൊണ്ടുവന്നതെന്നോ ഇനിയും വ്യക്തമായിട്ടില്ല. ഇക്കാര്യങ്ങൾ എല്ലാം അന്വേഷിച്ചു കണ്ടെത്തേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
Read More: കൊടകര കുഴൽപ്പണക്കേസ്: അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ കഴിഞ്ഞ ദിവസം ഒന്നര മണിക്കൂര്‍ പൊലീസ് ചോദ്യം ചെയ്തിരുന്നു. പരാതിക്കാരനായ ധര്‍മരാജനും സുരേന്ദ്രനും തമ്മില്‍ ഫോണില്‍ സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുരേന്ദ്രനെ ചോദ്യം ചെയ്തത്. “വിചിത്രപരമായ അന്വേഷണമാണ് നടക്കുന്നത്. ഉത്തരവാദിത്വപ്പെട്ട പൊതുപ്രവര്‍ത്തകനെന്ന നിലയിലാണ് ഹാജരായത്. കേസുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ല” എന്നായിരുന്നു ചോദ്യം ചെയ്യലിന് ശേഷം സുരേന്ദ്രന്റെ പ്രതികരണം.
കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി ബന്ധം സൂചിപ്പിക്കുന്ന തെളിവുകള്‍ പൊലീസിന് ലഭിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പണവുമായി എത്തിയ കോഴിക്കോട് സ്വദേശിയായ ആർഎസ്എസ് പ്രവർത്തകൻ എ.കെ.ധര്‍മരാജന്‍ ഉള്‍പ്പെട്ട സംഘത്തിന് തൃശൂരിൽ ഹോട്ടല്‍ മുറിയെടുത്ത് നല്‍കിയത് ബിജെപി തൃശൂര്‍ ജില്ലാ ഓഫിസില്‍ നിന്നാണെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. ഹോട്ടലില്‍ മുറി ബുക്ക് ചെയ്തത് ബിജെപി ജില്ലാ കമ്മിറ്റി ഓഫിസില്‍ നിന്നാണെന്ന് ഹോട്ടല്‍ ജീവനക്കാരന്‍ പൊലീസിന് മൊഴി നല്‍കി. ഹോട്ടല്‍ രേഖകളും സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.