കൊച്ചി: ബിജെപി നേതാക്കൾ ഉൾപ്പെട്ട കൊടകര കുഴൽപ്പണ കേസിൽ നിലപാടറിയിക്കുന്നതിന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഹൈക്കോടതിയിൽ സാവകാശം തേടി. ഒരാഴ്ച സമയം വേണമെന്ന് എൻഫോഴ്സ്മെൻറ് കോടതിയോട് ആവശ്യപ്പെട്ടു. കുഴൽപ്പണ ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡൻ്റ് സലീം മടവൂർ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് മേരി ജോസഫ് പരിഗണിച്ചത്.
കള്ളണം വെളുപ്പിക്കൽ നിയമം ബാധകമായ കുറ്റകൃത്യമായിട്ടും പരാതിയിൽ എൻഫോഴ്സ്മെൻറ് നടപടിയെടുക്കുന്നില്ലെന്ന് കാണിച്ചാണ് ഹർജി. നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രചാരണ ആവശ്യത്തിനായി കൊണ്ടുവന്ന പണമാണിതെന്ന് ആരോപണമുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തൃശൂർ കൊടകരയില്‍ വച്ച് കാറപകടം സൃഷ്ടിച്ച് പണം തട്ടിയെന്നാണ് കേസ്.
Also Read: കൊടകര കുഴല്‍പ്പണക്കേസ്: പ്രതികളുടെ വീടുകളില്‍ റെയ്ഡ്
കേസുമായി ബന്ധപ്പെട്ട് തൃശൂര്‍ ബിജെപി ജില്ലാ അധ്യക്ഷന്‍ കെ.കെ.അനീഷ് കുമാറിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. കോഴിക്കോട് നിന്ന് ധര്‍മരാജന്‍ എന്നയാള്‍ പണവുമായി ആലപ്പുഴയിലേക്ക് പോകവെയാണ് തൃശൂരില്‍ വച്ച് കവര്‍ച്ച നടന്നത്. മൂന്നരക്കോടി രൂപയാണ് നഷ്ടപ്പെട്ടതെന്ന് പരാതിക്കാരന്‍ പൊലീസിന് മൊഴി നല്‍കി. ഇതില്‍ ഒരു കോടിയിലധികം രൂപ കണ്ടെടുത്തിട്ടുണ്ട്.