തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ഒന്നര മണിക്കൂര്‍ നേരമാണ് സുരേന്ദ്രനെ പൊലീസ് ചോദ്യം ചെയ്തത്.
“വിചിത്രപരമായ അന്വേഷണമാണ് നടക്കുന്നത്. ഉത്തരവദിത്വപ്പെട്ട പൊതുപ്രവര്‍ത്തകനെന്ന നിലയിലാണ് ഹാജരായത്. കേസുമായി ബി.ജെ.പിക്ക് യാതൊരു ബന്ധവുമില്ല,” ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കുഴല്‍പ്പണക്കേസില്‍ ബിജെപി പ്രതിരോധത്തിലല്ലെന്ന് അന്വേഷണ സംഘത്തിനു മുൻപാകെ ഹാജരാവുന്നതിനായി തൃശൂരിലെ പാർട്ടി ഓഫീസിൽനിന്ന് ഇറങ്ങുമ്പോൾ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കേസിൽ മാധ്യമപ്രവർത്തകർക്ക് വിവരങ്ങൾ കിട്ടുന്നതിന് പിന്നിലടക്കം ഗൂഢാലോചനയുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു.
പരാതിക്കാരനായ ധര്‍മരാജനും സുരേന്ദ്രനും തമ്മില്‍ ഫോണില്‍ സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുരേന്ദ്രനെ ചോദ്യം ചെയ്തത്. കവര്‍ച്ച നടന്ന ദിവസം പുലര്‍ച്ചെ സുരേന്ദ്രന്റെ മകനുമായും ധര്‍മരാജൻ ബന്ധപ്പെട്ടിരുന്നതായാണ് പൊലീസ് പറയുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് കോന്നിയില്‍ വച്ച് സുരേന്ദ്രനും ധര്‍മരാജനും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവുകള്‍ പൊലീസ് ശേഖരിച്ചിരുന്നു.
ജൂലൈ ആറിന് ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു സുരേന്ദ്രന് നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍ ബിജെപി സംസ്ഥാന ഭാരവാഹി യോഗങ്ങളുള്ളതിനാല്‍ സുരേന്ദ്രന്‍ കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു.
Also Read: കൊടകര കുഴൽപ്പണക്കേസ്; സുരേന്ദ്രനെ ചോദ്യം ചെയ്യും; ഹാജരാവാൻ ആവശ്യപ്പെട്ട് നോട്ടീസ്