തൃശൂര്‍: കൊടകര കുഴല്‍പ്പണ കവർച്ചാ കേസിലെ പണം കണ്ടെത്താന്‍ പ്രതികളുടെ വീടുകളില്‍ പൊലീസ് റെയ്ഡ്. പന്ത്രണ്ട് പ്രതികളുടെ വീടുകളിലാണ് പരിശോധന. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലായാണ് ഇവരുടെ വീടുകള്‍.
കവർന്ന മൂന്നരക്കോടി രൂപയില്‍ 1.5 കോടി മാത്രമാണ് കണ്ടെത്താനായിട്ടുള്ളത്. 20 പേര്‍ക്കായി പണം വീതിച്ചു നല്‍കിയെന്ന് പ്രതികള്‍ വെളിപ്പെടുത്തിയതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് വ്യാപക പരിശോധന നടത്തുന്നത്.
Also Read: കുഴൽപ്പണക്കേസ്: ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി; ഒരാൾക്ക് കുത്തേറ്റു
അതേസമയം, കേസുമായി ബന്ധപ്പെട്ട ബിജെപി നേതാക്കളുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. തൃശൂര്‍ ബിജെപി ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിനെ ഇന്ന് ചോദ്യം ചെയ്യും. സതീഷിനോട് ഇന്ന് ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
പണവുമായി എത്തിയ കോഴിക്കോട് സ്വദേശിയായ ആർഎസ്എസ് പ്രവർത്തകൻ എ.കെ.ധര്‍മരാജന്‍ ഉള്‍പ്പെട്ട സംഘത്തിന് തൃശൂരിൽ ഹോട്ടല്‍ മുറിയെടുത്ത് നല്‍കിയത് ബിജെപി തൃശൂര്‍ ജില്ലാ ഓഫിസില്‍ നിന്നാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ഇത് സംബന്ധിച്ച് ഹോട്ടല്‍ ജീവനക്കാരന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. രണ്ട് മുറികളിലായാണ് മൂന്ന് പേരടങ്ങുന്ന സംഘം താമസിച്ചിരുന്നതെന്നാണ് ജീവനക്കാരന്റെ മൊഴി.
കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഇന്നലെ ഒരാള്‍ക്ക് കുത്തേറ്റിരുന്നു. തൃത്തല്ലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ കോവിഡ് വാക്സിൻ കേന്ദ്രത്തിലാണ് സംഘർഷമുണ്ടായത്. ബിജെപി പ്രവർത്തകനായ കിരണിനാണ് (27) കുത്തേറ്റത്. കേസുമായി ബന്ധപ്പെട്ട സാമൂഹ്യമാധ്യമ പോസ്റ്റുകളുടെ പേരിൽ പ്രദേശത്ത് ബിജെപി പ്രവർത്തകർക്കിടയിൽ തർക്കം നിനിന്നിരുന്നു.