തൃശൂര്‍: കൊടകര കുഴൽപ്പണക്കേസിൽ ബിജെപി നേതാക്കൾ ചോദ്യം ചെയ്യലിനായി പോലീസിന് മുമ്പാകെ ഹാജരായില്ല. ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി, എം ഗണേഷ്, സംസ്ഥാന ഓഫിസ് സെക്രട്ടറി ജി ഗിരീഷ് എന്നിവരോട് ഇന്ന് രാവിലെ അന്വേഷസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാൽ ഇരുവരും ഹാജരായില്ല. പണവുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്റെ നടപടി.
മൂന്നരക്കോടി എത്തിയത് ആലപ്പുഴ സ്വദേശി കര്‍ത്തയ്ക്ക് കൈമാറാനാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്ത ധർമരാജൻ, സുനിൽ നായിക് എന്നിവരിൽ നിന്നാണ് ഇത് സംബന്ധിച്ച് വിവരം ലഭിച്ചത്. കർത്ത ആർക്കാണ് ഈ പണം കൈമാറുന്നതെന്ന് അറിയില്ലെന്നും ഇവർ നൽകിയ മൊഴിയിൽ പറയുന്നു.
കേസുമായി ബന്ധപ്പെട്ട് മൂന്ന് ജില്ലാ നേതാക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ജില്ലാ ജനറല്‍ സെക്രിട്ടറി കെആര്‍ ഹരി, ജില്ലാ ട്രഷറര്‍ സുജയ് സേനന്, മധ്യമേഖല സെക്രട്ടറി ജി കാശിനാഥന് എന്നിവരുടെ മൊഴിയാണ് എടുത്തത്. മൂന്നരക്കോടി രൂപ തിരഞ്ഞെടുപ്പ് ഫണ്ട് തൃശൂര്‍ വഴി കടന്നു പോകുന്നുണ്ടെന്ന വിവരം മോഷണ സംഘത്തിന് ലഭിച്ചതിന് പിന്നില്‍ ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ടവരാണിവര്. മൂന്ന് പേരും പണവുമായോ മോഷണമായോ ബന്ധമില്ലെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്.
യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്, ആര്‍എസ്എസ് പ്രവര്ത്തകന് ധര്മരാജന് എന്നിവരെ രണ്ട് ദിവസം മുന്‍പ് പൊലീസ് ചോദ്യം ചെയ്തിരുന്നു. എപ്രില്‍ 3ന് കാര്‍ അപകടം സൃഷ്ടിച്ച് 25 ലക്ഷം രൂപ കവര്‍ന്നെന്ന പരാതി ഡ്രൈവര്‍ ഷംജീറിനെക്കൊണ്ട് കൊടകര സ്റ്റേഷനില്‍ കൊടുപ്പിച്ചത് ധര്‍മരാജനായിരുന്നു. പണം കൊടുത്തു വിട്ടത് സുനില്‍ നായിക്കാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
പാര്‍ട്ടിക്ക് കേസുമായി ബന്ധമില്ല. കെ സുരേന്ദ്രന്
അതേസമയം പാര്‍ട്ടിക്ക് കുഴല്‍പണക്കേസുമായി ബന്ധമില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് പറഞ്ഞു. കേസില്‍ ബിജെപിയെ ഉള്‍പ്പെടുത്താനുള്ള ശ്രമം നടക്കുന്നുണ്ട്. ബിജെപിക്കൊ, എന്‍ഡിഎയ്ക്കോ നിയമവിരുദ്ധമായ സാമ്പത്തിക ഇടപാടുകള്‍ ഇല്ല. ബിജെപി നേതാക്കളെ ചോദ്യം ചെയ്യുന്നത് വെറും നാടകമാണ്. 3.5 കോടി രൂപ കവര്‍ച്ച ചെയ്തതതായി പൊലീസ് അവകാശപ്പെടുന്നു, പക്ഷെ പണം കണ്ടെത്താനായിട്ടില്ല. ബിജെപിക്കെതിരായ ഈ നാടകം വിജയിക്കില്ല. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നിയമവിരുദ്ധമായി പണം ഉപയോഗിച്ചിട്ടില്ല, സുരേന്ദ്രന് പറഞ്ഞു.