തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി ബന്ധം സൂചിപ്പിക്കുന്ന തെളിവുകള്‍ പൊലീസിന് ലഭിച്ചു. പണം കൊണ്ടു വന്ന സംഘത്തിന് തൃശൂരില്‍ താമസ സൗകര്യം ഒരുക്കിയത് ബിജെപി ജില്ലാ നേതൃത്വമാണെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ഹോട്ടലില്‍ മുറി ബുക്ക് ചെയ്തത് ബിജെപി ജില്ലാ കമ്മിറ്റി ഓഫിസില്‍ നിന്നാണെന്ന് ഹോട്ടല്‍ ജീവനക്കാരന്‍ പൊലീസിന് മൊഴി നല്‍കി. ഹോട്ടല്‍ രേഖകളും സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു.
ഏപ്രില്‍ രണ്ടിന് വൈകിട്ട് ഏഴോടെയാണ് ഹോട്ടല്‍ നാഷണല്‍ ടൂറിസ്റ്റ് ഹോമില്‍ ഇവര്‍ മുറി ബുക്ക് ചെയ്തത്. 215, 216 മുറികളിലായാണ് പണം കൊണ്ടുവന്ന കോഴിക്കോട് സ്വദേശിയായ ആർഎസ്എസ് പ്രവർത്തകൻ എ.കെ.ധര്‍മരാജനും ഡ്രൈവർ ഷംജീറും റഷീദും താമസിച്ചിരുന്നത്. രണ്ടു കാറുകളിലായാണ് മൂവരും എത്തിയതെന്നും ഹോട്ടല്‍ ജീവനക്കാരന്‍ വ്യക്തമാക്കി. ധര്‍മരാജനെയും ഷംജീറിനേയും പൊലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും.
Also Read: കുഴല്‍പ്പണക്കേസ്: ബിജെപി നേതാക്കൾ ചോദ്യംചെയ്യലിന് ഹാജരായില്ല
കേസിൽ ബിജെപി സംഘടനാ ജനറൽ സെക്രട്ടറി എം.ഗണേഷ്, സംസ്ഥാന കമ്മിറ്റി ഓഫീസിൻ്റെ ചുമതലയുള്ള സെക്രട്ടറി ഗിരീഷ് എന്നിവരെ ചോദ്യം ചെയ്യാനുള്ള നീക്കവുമായി അന്വേഷണ സംഘം മുന്നോട്ടു പോകുകയാണ്. ഇരുവർക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഇന്നലെ ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ കെ.ജി.കർത്തയെ ആലപ്പുഴയിൽ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു.
കേസിലെ ആറാം പ്രതി മാര്‍ട്ടിന്റെ ഇരിങ്ങാലക്കുടയിലെ വീട്ടില്‍നിന്ന് ഒന്‍പത് ലക്ഷം രൂപ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. വീട്ടിലെ മെറ്റലിനുള്ളില്‍ സൂക്ഷിച്ച നിലയിലായിരുന്നു പണം. കവര്‍ച്ചയ്ക്കു ശേഷം മാര്‍ട്ടിന്‍ സ്വര്‍ണവും മൂന്നു ലക്ഷം രൂപ വില വരുന്ന കാറും വാങ്ങിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ബാങ്ക് വായ്പയായി എടുത്ത നാലു ലക്ഷം രൂപ തിരിച്ചടച്ചതായും കണ്ടെത്തി.