തിരുവനന്തപുരം: തിരഞ്ഞെടുപ്പ് മുതൽ തുടങ്ങിയ എൽഡിഎഫ് – ബിജെപി കൂട്ടുകെട്ടിന്റെ ഭാഗമായാണ് കുഴൽപ്പണ കേസ് ഒത്തു തീർപ്പാക്കൽ ശ്രമങ്ങൾ ഇപ്പോൾ നടക്കുന്നത് എന്ന് മുൻ പ്രതിപക്ഷ രമേശ് ചെന്നിത്തല. നേരത്തെ ഒത്തു തീർപ്പു ശ്രമങ്ങളെ കുറിച്ചു സൂചനയുണ്ടായിരുന്നു. ബിജെപി നേതാക്കളെ ഒഴിവാക്കി കേസ് മുന്നോട്ട് കൊണ്ടുപോകാനാണ് പൊലീസിന് നിർദേശം നൽകിയിരിക്കുന്നത് എന്നും ചെന്നിത്തല പറഞ്ഞു.
കൊടകര കുഴൽപ്പണ കേസിൽ ബിജെപി നേതാക്കളെ പ്രതിചേർക്കാതെയാണ് പൊലീസ് കുറ്റപത്രം എന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. സാക്ഷിപട്ടികയിലും ബിജെപി നേതാക്കളുടെ പേരില്ലാതെയാണ് പൊലീസ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത് എന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കെ സുരേന്ദ്രൻ ഉൾപ്പടെയുള്ള നേതാക്കളെ സാക്ഷികളാക്കണോ എന്ന കാര്യം പിന്നീട് ആലോചിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. കവർച്ച കേസായി മാത്രമാണ് കുറ്റപത്രം നൽകുക, ജൂലൈ 24ന് കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം എന്നാണ് വിവരം.
കേസിലെ 22 പ്രതികൾക്കെതിരെ ഇരിങ്ങാലക്കുട കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. പണത്തിന്റെ ഉറവിടത്തിൽ ബിജെപി നേതാക്കൾക്ക് പങ്കുണ്ടെന്ന് കുറ്റപത്രത്തിൽ ഉണ്ടാകും. കുറ്റപത്രത്തിൽ ബിജെപി നേതാക്കളുടെ മൊഴികളും ചേർക്കുമെന്നാണ് വിവരം. എന്നാൽ അതിൽ അന്വേഷണം നടത്താൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മാത്രമേ സാധിക്കൂ. അതുകൊണ്ട് കേസ് ഇഡിക്ക് നല്കാൻ പൊലീസ് കുറ്റപത്രത്തിൽ നിർദേശിക്കുമെന്നും മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു.
Read Also: കൊടകര കുഴൽപ്പണ കേസിൽ നിരവധി ദുരൂഹതകൾ ഉണ്ടെന്ന് ഹൈക്കോടതി
കേസുമായി ബന്ധപ്പെട്ട് ബിജെപി അധ്യക്ഷൻ കെസുരേന്ദ്രൻ ഉൾപ്പടെ 19 ബിജെപി നേതാക്കളെയാണ് പൊലീസ് ചോദ്യം ചെയ്തത്. എന്നാൽ ഇവരിൽ ഒരാൾ പോലും പ്രതിയാകില്ലെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം, കളളപ്പണത്തിൻ്റെ ഉറവിടം ഇ.ഡി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാ ദൾ ദേശീശ പ്രസിഡണ്ട് സലീം മടവൂർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. പരാതി നൽകിയിട്ടും എൻഫോഴ്സ്മെൻറ് അന്വേഷണം നടത്തുന്നില്ലന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. എന്നാൽ നിലപാട് അറിയിക്കാൻ ഇഡി കോടതിയിൽ കൂടുതൽ സമയം ചോദിച്ചിരിക്കുകയാണ്.