കൊച്ചി: പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം റോഡിലെ ബോർഡിൽ തട്ടിവീണ യുവാവ് ലോറിയിടിച്ച് മരിച്ചു. കൂനമാവ് സ്വദേശി യദുലാൽ (23) ആണ് മരിച്ചത്. കുഴി മറയ്ക്കുന്നതിനായി വച്ചിരുന്ന ബോർഡിൽ തട്ട വീണ യദുലാലിന്റെ ശരീരത്തിലൂടെ ലോറി കയറിയാണ് അപകടമുണ്ടായത്. സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മാസങ്ങൾക്ക് മുമ്പ് രൂപപ്പെട്ട കുഴി ഇതുവരെ മൂടിയിരുന്നില്ല. ഇതിന് പകരം കുഴി മറയ്ക്കുന്നതിന് അശാസ്ത്രീയമായ രീതിയിൽ വച്ചിരുന്ന ബോർഡിൽ തട്ടിയാണ് യുവാവ് വീണത്. പിന്നാലെ വന്ന ലോറി യുവാവിന്റെ ശരീരത്തിൽ കൂടി കയറിയിറങ്ങുകയായിരുന്നു.

സംഭവത്തില്‍ ജില്ലാ കലക്ടര്‍ എസ്. സുഹാസ് മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ. ചന്ദ്രശേഖരന്‍ നായര്‍ക്കാണ് അന്വേഷണച്ചുമതല.

പൊതുമരാമത്ത് വകുപ്പ് റോഡു വിഭാഗം, ജല അതോറിറ്റി എന്നിവരോടും കലക്ടര്‍ റിപ്പോര്‍ട്ട് തേടി. പൈപ്പ്‌ലൈനിലെ ചോര്‍ച്ച പരിഹരിച്ച് അടിയന്തരമായി റോഡ് പൂര്‍വസ്ഥിതിയിലാക്കാനും കലക്ടര്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.

ദിവസങ്ങൾക്ക് മുമ്പ് കടവന്ത്രയിലും സമാനമായ രീതിയിൽ അപകടമുണ്ടായി ഒരാൾക്ക് ജീവൻ നഷ്ടമായിരുന്നു. കുഴിയിൽ വീണ ബൈക്ക് യാത്രക്കാരനാണ് മരിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.