കൊച്ചി: കെഎംആർഎൽ വാട്ടർ മെട്രോ യാത്രാനിരക്കുകൾ പ്രഖ്യാപിച്ചു. ഏറ്റവും കുറഞ്ഞ യാത്രാ നിരക്ക് 20 രൂപയാണ്. കൂടിയത് 40 രൂപ. രാവിലെ 7 മുതൽ വൈകീട്ട് 7 വരെയാണ് സർവീസ്. തിരക്കുള്ള സമയങ്ങളിൽ 15 മിനിറ്റ് ഇടവേളകളിൽ ഹൈക്കോർട്ട്-വൈപ്പിൻ റൂട്ടിൽ വാട്ടർ മെട്രോ സർവീസ് നടത്തും. പ്രാരംഭ ഘട്ടത്തിൽ യാത്രക്കാരുടെ എണ്ണം പരിശോധിച്ചശേഷം സർവീസുകൾക്കിടയിലെ സമയം തീരുമാനിക്കും.
ഹൈക്കോടതി ജെട്ടിയിൽ നിന്ന് ബോൾഗാട്ടി, വൈപ്പിൻ ദ്വീപുകളെ ബന്ധിപ്പിച്ചാകും ആദ്യ സർവീസ്. വൈറ്റില-കാക്കനാട് റൂട്ടിൽ ഏപ്രിൽ 27 ന് സർവീസ് ആരംഭിക്കും. ഏപ്രിൽ 25 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചി വാട്ടർ മെട്രോയുടെ ഉദ്ഘാടനം നിർവഹിക്കും.
ഉദ്ഘാടന ദിവസം പൊതുജനങ്ങൾക്കായി സർവീസ് ഉണ്ടാകില്ല. ബുധനാഴ്ച രാവിലെ 7 മണിക്കാണ് പൊതുജനങ്ങൾക്കുള്ള ആദ്യ സർവീസ് തുടങ്ങുക. ഹൈക്കോർട്ട്-വൈപ്പിൻ റൂട്ട് ഏപ്രിൽ 26 ന് രാവിലെ 7 മുതലും വൈറ്റില-കാക്കനാട് റൂട്ട് ഏപ്രിൽ 27 ന് രാവിലെ 7 മുതലും പൊതുജനങ്ങൾക്ക് യാത്രയ്ക്കായി തുറന്ന് നൽകും.
രാജ്യത്തെ ആദ്യ വാട്ടർ മെട്രോയ്ക്കാണ് കൊച്ചിയിൽ തുടക്കമാവുന്നത്. വാട്ടർ മെട്രോയ്ക്കായി കൊച്ചിയിൽ എട്ടു ബോട്ടുകൾ തയ്യാറായി കഴിഞ്ഞു. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ശീതീകരിച്ച ബോട്ടിൽ 100 പേർക്ക് ഒരേ സമയം യാത്ര ചെയ്യാം. മെട്രോ റെയിലിന് സമാനമായ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് വാട്ടർ മെട്രോ ടെർമിനലുകളും ബോട്ടുകളും നിർമ്മിച്ചിരിക്കുന്നത്. പദ്ധതി പൂർത്തിയാകുമ്പോൾ 10 ദ്വീപുകളിലായി 38 ടെർമിനലുകൾ ബന്ധിപ്പിച്ച് 78 വാട്ടർ മെട്രോ ബോട്ടുകൾ സർവീസ് നടത്തും.
കൊച്ചി വാട്ടർ മെട്രോയുടെ ടിക്കറ്റ് നിരക്കുകൾ
- മിനിമം ടിക്കറ്റ് നിരക്ക് -20 രൂപ
- പരമാവധി ടിക്കറ്റ് നിരക്ക് – 40 രൂപ
- ഹൈക്കോർട്ട്-വൈപ്പിൻ – 20 രൂപ
- വൈറ്റില-കാക്കനാട് – 30 രൂപ
ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ യാത്രാ പാസുകൾക്ക് ഇളവുകളുണ്ട്
- പ്രതിവാര പാസ് – 180 രൂപ
- പ്രതിമാസ പാസ് – 600 രൂപ
- ത്രൈമാസ പാസ് – 1500 രൂപ
ടെർമിനലുകളിൽ ഒരുക്കിയിരിക്കുന്ന ടിക്കറ്റ് കൗണ്ടറുകളിൽനിന്ന് ഒറ്റത്തവണ യാത്ര ചെയ്യാനുള്ള ടിക്കറ്റുകളും വിവിധ യാത്രാ പാസുകളും ലഭിക്കും. ഇതു കൂടാതെ കൊച്ചി മെട്രോ റെയിലിൽ ഉപയോഗിക്കുന്ന കൊച്ചി വൺ കാർഡ് ഉപയോഗിച്ച് കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്യാം. കൊച്ചി വൺ ആപ്പിലൂടെ ബുക്ക് ചെയ്യുന്ന മൊബൈൽ ക്യൂ ആർ ഉപയോഗിച്ചും യാത്ര ചെയ്യാം.
747 കോടി രൂപ ചിലവിലാണ് വാട്ടർ മെട്രോ പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന സർക്കാരിന് 74 ശതമാനവും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് 26 ശതമാനവുമാണ് ഓഹരി പങ്കാളിത്തം.