കൊച്ചി: പ്രളയാനന്തര കേരളത്തെ പുനർ നിർമ്മിക്കാൻ വേണ്ട മാർഗ്ഗ നിർദേശങ്ങളുമായി കൊച്ചിയിൽ ഡിസൈൻ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. പ്രളയാനന്തര കേരളത്തെ പുനഃസൃഷ്ടിക്കാൻ നൂതന രൂപകൽപ്പനകളും പരിഹാരങ്ങളും വിഭാവനം ചെയ്യുന്നതിനായാണ് സംസ്ഥാന സർക്കാർ ആറു ദിവസത്തെ ഡിസൈൻ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഡിസംബർ 11 മുതൽ 16 വരെ ബോൾഗാട്ടി കൺവെൻഷൻ സെന്ററിൽ നടക്കുന്ന സമ്മേളനത്തിന് കേരള ടൂറിസം വികസന കോർപറേഷനാണ് ആതിഥേയത്വം വഹിക്കുന്നത്. സംസ്ഥാന ഇലക്ട്രോണിക്സ് ഐടി വകുപ്പ് കഴിഞ്ഞ മാർച്ചിൽ സംഘടിപ്പിച്ച ഡിജിറ്റൽ ഉച്ചകോടിയായ ‘ഫ്യുച്ചറി’ന്റെ തുടർച്ചയായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

കേരളത്തിന്റെ ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമായ അത്യാധുനിക രൂപകൽപ്പനയും സുസ്ഥിരവികസനവും മുഖ്യപ്രമേയമായുള്ള ചർച്ചയിൽ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള സാങ്കേതിക വിദഗ്‌ധരും വാസ്തുശിൽപ്പികളും പങ്കെടുക്കുന്ന ഡിസൈൻ ഉച്ചകോടി ഡിസംബർ 11,12 തീയതികളിൽ നടക്കും. ഡിസംബർ 12ന് ഉച്ചകോടിയെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിസംബോധന ചെയ്യും.

ഡിസൈൻ കേരള ഉച്ചകോടിയിൽ പ്രമുഖ ഡിസൈനർമാരായ ജോൺ ഫെറൈറ, സൈറസ്​ ക്ലാർക്ക്, ഡോ.ഡാർലി കോശി, അലോക് നന്ദി തുടങ്ങിയവർ സംസാരിക്കും

കോപ്പൻഹേഗൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ററാക്ഷൻ ഡിസൈൻ സമ്മർ സ്കൂൾ, ശിൽപ്പശാലകൾ, മാസ്റ്റർ ക്ലാസുകൾ എന്നിവയ്ക്കു പുറമേ ഡിസൈൻ മേഖലയിലെ വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തുന്ന നിരവധി ഉച്ചകോടികളും പ്രദർശനങ്ങളും ഡിസൈൻ ഉച്ചകോടിയുടെ ഭാഗമായ് നടക്കുന്നുണ്ട്. പുനഃസൃഷ്ടിയില്‍ അവലംബിക്കാവുന്ന ഭാവി സാങ്കേതികവിദ്യ, ആവാസവ്യവസ്ഥിതി, രൂപകല്‍പനാശയങ്ങള്‍ എന്നിവയെ അധികരിച്ച പ്രതിഷ്ഠാപനങ്ങളേയും പ്രദര്‍ശനങ്ങളേയും അണിനിരത്തുന്ന ഡിസൈന്‍ ഡിസ്ട്രിക്ടും ഡിസൈന്‍ ഫെസ്റ്റിവലിന്‍റെ ഭാഗമായി സജ്ജീകരിക്കുന്നുണ്ട്. കേരളത്തിന്‍റെ പുനഃനിര്‍മ്മാണഘട്ടത്തില്‍ സ്വീകരിക്കാവുന്ന സാങ്കേതികവിദ്യകളുടേയും രൂപകല്‍പ്പനാപരിഹാരങ്ങളുടേയും പ്രദര്‍ശനത്തിലൂടെ വിവിധ വകുപ്പുകളിലെ നയകര്‍ത്താക്കള്‍ക്ക് ഇവ നേരിട്ട് മനസ്സിലാക്കാനാകും.

ഡിസംബര്‍ 12ന് ആരംഭിക്കുന്ന കൊച്ചി മുസിരിസ് ബിനാലെയുടെ മുഖ്യവേദികളില്‍ നിന്ന് സൗജന്യമായി ഡിസൈന്‍ ഡിസ്ട്രിക്ടിലേക്ക് ബോട്ട് സര്‍വ്വീസ് ഉണ്ടാകും. ബോള്‍ഗാട്ടി ഐലന്‍ഡിലെ ഡിസൈന്‍ ഡിസ്ട്രിക്ടില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ